തൃശൂർ: ശക്തൻ സ്റ്റാൻഡിലെ മൂത്രപ്പുരയെന്ന് എഴുതിവച്ച കെട്ടിടത്തിൽനിന്നുയരുന്നതു പുകപടലം. സംഗതി സിഗരറ്റുവലിക്കാരുടെ ബഹളമാണ് ഇവിടെയെന്ന് എല്ലാവർക്കുമറിയാം. പുകവലി പാടില്ലെന്നു വെണ്ടയ്ക്കാ അക്ഷരത്തിൽ എഴുതിയ കെട്ടിടത്തിലാണ് ഇപ്പോൾ വെടിയും പുകയുമെല്ലാം. പുകയുടെ ഗുട്ടൻസ് പിടികിട്ടിയെങ്കിലും വെടിയുടെ ഗുട്ടൻസ് പലർക്കുമറിയില്ല.
അത്രയ്ക്കു തെറ്റിദ്ധരിക്കത്തക്കതായി ഒന്നുമില്ലെങ്കിലും അത്യാവശ്യം ചില്ലറ സംഗതികളും ഇവിടെ നടക്കാറുണ്ടെന്നതു പരമാർഥം. പുകവലിക്കാരും പുകവലിക്കാത്തവരും തമ്മിലുള്ള കശപിശയും കൈയാങ്കളിയുമാണ് ഇവിടെ നിന്നുയരുന്ന വെടിയൊച്ച..!
പുകവലിക്കാത്തവർ സമീപത്തുള്ള പോലീസിനോടും മറ്റും പരാതി പറയാറുണ്ടെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞാൽ പഴയപല്ലവിയാകും. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ചില സംഘടനകൾ നല്കിയിട്ടുണ്ട്. കഴിഞ്ഞദിവസം കോർപറേഷൻ അധികൃതർക്കു നെല്ലായി മാതൃക യുവജനവേദി പ്രവർത്തകരും പരാതി നല്കിയിട്ടുണ്ട്.