തേഞ്ഞിപ്പലം: ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്കൂളുകളും മോട്ടോർ വാഹന വകുപ്പും തമ്മിലുണ്ടായ പിടിവാശിയിൽ തിരൂരങ്ങാടിയിൽ നിരവധി അപേക്ഷകർക്ക് ടെസ്റ്റിന് അവസരം ലഭിച്ചില്ല. പൂക്കിപ്പറന്പിലെ പൊതുമാരാമത്ത് സ്ഥലത്ത് ടെസ്റ്റ് നടത്തുന്ന ഇടം ഡ്രൈവിംഗ് സ്കൂളുകൾ കോണ്ക്രീറ്റ് ചെയ്തത് വകുപ്പ് തടഞ്ഞതോടെയാണ് കാത്തുനിന്ന അപേക്ഷകരെ പ്രയാസത്തിലാക്കിയത്.
തൊട്ടടുത്ത സ്ഥലം ഉപയോഗപ്പെടുത്താൻ ഉണ്ടായിട്ടും സ്കൂൾ ജീവനക്കാരും മോട്ടോർ വാഹന വകുപ്പും വാശിയിലായതാണ് അപേക്ഷകരെ നിരാശയിലാക്കി മടക്കിയത്. രണ്ട് ദിവസം മുൻപാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പിന് കീഴിൽ സ്ഥിരമായി ടെസ്റ്റ് നടത്താറുള്ള പൂക്കിപ്പറന്പിലെ പൊതുമരാമത്ത് സ്ഥലത്ത് ഡ്രൈവിംഗ് സ്കൂളുകളുടെ നേതൃത്വത്തിൽ ടെസ്റ്റ് നടത്തുന്ന സ്ഥലം കോണ്ക്രീറ്റ് ചെയ്തത്.
കല്ലുകൾ നിറഞ്ഞ സ്ഥലം ഇരചക്ര വാഹന ടെസ്റ്റിന് പ്രതികൂലമാകുന്നതാണ് ഡ്രൈവിംഗ് സ്കൂളുകൾ പ്രവർത്തി നടത്താൻ കാരണം. കോണ്ക്രീറ്റ് ചെയ്തത് പൊതുമരാമത്ത് വകുപ്പ് തടഞ്ഞതോടെ രാവിലെ ടെസ്റ്റിൽ നിന്നും മോട്ടോർ വാഹന വകുപ്പും പിൻമാറി.
എന്നാൽ വ്യാഴാഴ്ച വരെ സ്ഥലം ഉപയോഗപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അനുമതി നൽകിയതായ വിവരത്തിൽ ഡ്രൈവിംഗ് സ്കൂളുകളും ഉറച്ച് നിന്നതാണ് പിടിവാശികൾക്ക് കാരണമായത്.