കൊയിലാണ്ടി: ഏഴു വയസുകാരന് മകനെ ഡോക്ടറെ കാണിക്കാനെത്തിയ പിതാവ് ആശുപത്രിയിലുണ്ടായ തര്‍ക്കം സാമൂഹ്യമാധ്യമങ്ങളില്‍ ലൈവായി പോസ്റ്റ് ചെയ്തിനെ തുടര്‍ന്ന് റിമാന്‍ഡില്‍. ഉള്ള്യേരിയിലെ അരിമ്പമലയില്‍ ഷൈജുവാണ് ജയിലിലായത്. ഈ മാസം എട്ടിന് പനി കൂടിയതിനെ തുടര്‍ന്ന് മകന് സൂര്യതേജിനെ അടിയന്തര ചികിത്സ തേടി കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിയതായിരുന്നു ഷൈജുവും ഭാര്യ സിന്ധുവും.
തുടര്‍ന്നാണ് ആശുപത്രിയിലെ തര്‍ക്കം ശ്രദ്ധയില്‍പ്പെട്ടത്. ഇത് ലൈവാക്കി പോസ്റ്റിട്ടതാണ് ഷൈജുവിനെതിരേ നടപടിയെടുക്കാന്‍ കാരണമായത്. ബാലുശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സ തേടിയിട്ടും പനിക്ക് കുറവില്ലാത്തതിനെ തുടര്‍ന്നാണ് ഇവര്‍ കൊയിലാണ്ടിയില്‍ എത്തിയത്.
ഉച്ചയ്ക്ക് 3.42 ന് ഒപി ടിക്കറ്റെടുത്ത് അവശനായ മകനുമായി ക്യൂവില്‍നിന്ന ഇവര്‍ക്ക് വൈകിട്ട് ആറുമണിവരെ ഡോക്ടറെ കാണാനായില്ലെന്ന് പറയുന്നു. അത്യാഹിത വിഭാഗത്തില്‍ ധാരാളം പേര് ക്യൂ നില്‍ക്കുന്നത് അവഗണിച്ച് പ്രത്യേക ശിപാര്‍ശകളുമായി ഡോക്ടറുടെ മുന്നില്‍ നിരവധി പേര് പരിശോധനയ്ക്കെത്തിയിരുന്നു. ഇത് ക്യൂവില്‍ നില്ക്കുന്നവര് ചോദ്യം ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ ബഹളം ഷൈജു മൊബൈലില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ ലൈവായി പ്രചരിപ്പിച്ചു.
ബഹളം ശമിച്ചതിനെ തുടര്‍ന്ന് വൈകീട്ട് ആറു മണിയോടെ മരുന്ന് കുറിച്ചു വാങ്ങി, നില്ക്കാന് പോലും കഴിയാത്ത നിലയില്‍ അവശനായ കുഞ്ഞുമായി ഇവര്‍ വീട്ടിലേക്ക് പോയി. സംഭവം കഴിഞ്ഞ് അഞ്ച് ദിവസത്തിനുശേഷം വീട്ടിലെത്തിയ കൊയിലാണ്ടി പോലീസ് ഷൈജുവിനോട് സ്റ്റേഷനില്‍ എത്താന്‍ ആശ്യപ്പെടുകയായിരുന്നു. സ്റ്റേഷനിലെത്തിയ ഷൈജുവിനെ അറസ്റ്റു ചെയ്ത് നാദാപുരം മജിസ്ട്രറ്റ് മുമ്പാകെ ഹാജറാക്കി റിമാൻഡ് ചെയ്തു.
അതിക്രമിച്ചു കയറല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, തെറിവിളിക്കല്‍, അനുമതിയില്ലാതെ വീഡിയോ പകര്‍ത്തല്‍ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഷൈജു സംഭവം മൊബൈലില്‍ പകര്‍ത്തി ലൈവിട്ടതല്ലാതെ മറ്റൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഭാര്യ സിന്ധു പറയുന്നു. ആശുപത്രിയില്‍ ഇത്തരമൊരു സംഭവം ഉണ്ടായതായി അറിയില്ലെന്ന് സുപ്രണ്ട് ഡോക്ടര്‍ പ്രതിഭ അറിയിച്ചു.
ഔദ്യോഗികമായി ജോലി നിര്വഹിക്കുന്നതിനിടയില് ജീവനക്കാര്ക്കെന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അത് ആശുപത്രി അധികാരികളെയാണ് ആദ്യം അറിയിക്കേണ്ടതെന്നും തുടര്‍ന്ന് ഓഫീസില്‍ നിന്ന് പരാതി നല്‍കലാണ് പതിവെന്നും അവര്‍ പറഞ്ഞു.എന്നാല്‍ ഇക്കാര്യത്തില്‍ അത്തരമൊരു പരാതിയും ആശുപത്രിയില്‍നിന്ന് പോലീസിന് നല്‍കിയിട്ടില്ല.
ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ നേരിട്ടെത്തി മൊഴി നല്‍കിയതിനെ തുടര്‍ന്ന് അവരുടെ മൊഴി പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ഷൈജു ഡോക്ടറോട് മോശമായി പെരുമാറിയതായും തെറിവിളിച്ചതായുമൊക്കെ ഡോക്ടറുടെ മൊഴിയിലുണ്ടായിരുന്നതായി പോലീസുകാര്‍ അവകാശപ്പെട്ടു. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.