ചൊവ്വയിലേക്ക് പോകാൻ ഇന്ത്യക്കാരുടെ തള്ളിക്കയറ്റം. ഇന്ത്യയിൽ നിന്നുള്ള ആളുകളല്ല, മറിച്ച് പേരുകളാണ് ചൊവ്വയിലേക്ക് പോകുന്നത്. നാസയാണ് ആളുകളുടെ പേര് ചൊവ്വയിൽ എത്തിക്കാനുള്ള അവസരം നൽകിയത്. നാസയുടെ ചൊവ്വാ ദൗത്യനൊപ്പം നിങ്ങളുടെ പേരും ചൊവ്വയിലേക്ക് അയയ്ക്കും. അതിനായി നാസ നൽകിയിരിക്കുന്ന ലിങ്കിൽ കയറി പേര് റജിസ്റ്റർ ചെയ്യണം.
2020 ലെ നാസ ദൗത്യത്തിലാണ് നിങ്ങളുടെ പേര് ചുവന്ന ഗ്രഹത്തിൽ എത്തുക. ചൊവ്വാ ദൗത്യത്തിന് ജനകീയ മുഖം നൽകാനാണ് ഇത്തരത്തിൽ നാസയുടെ നീക്കം. ഒരു മൈക്രോചിപ്പിൽ രജിസ്റ്റർ ചെയ്ത മുഴുവൻ ആളുകളുടെയും പേര് ചൊവ്വയിൽ എത്തിക്കുമെന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്.
ഇതുവരെ 91 ലക്ഷം പേരോളം ഈ ദൗത്യത്തിൽ തങ്ങളുടെ പേര് ചേർത്തുകഴിഞ്ഞു. തുർക്കി കഴിഞ്ഞാൽ ഇതിൽ ഏറ്റവും കൂടുതൽ പാസ് എടുത്തിരിക്കുന്നത് ഇന്ത്യക്കാരാണ്.
12,50,647 പേരാണ് ഇന്ത്യയിൽ നിന്ന് വെള്ളിയാഴ്ചവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 25,18,435 പേരാണ് തുർക്കിയിൽ നിന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 30വരെ പേര് ചേർക്കാനുള്ള അവസരമുണ്ടെന്ന്് നാസ അറിയിച്ചിട്ടുണ്ട്.
mars.nasa.gov/participate/send-your-name/mars2020 എന്ന സൈറ്റിൽ കയറി പേര് രജിസ്റ്റർ ചെയ്താൽ നിങ്ങൾക്ക് ഒരു ബോഡിംഗ് പാസ് ലഭിക്കും. ഫ്രീക്വൻറ് ഫ്ലെയർ എന്ന കാറ്റഗറിയിൽ നിങ്ങൾക്ക് ദൗത്യത്തിന്റെ കൂടുതൽ വിവരം അറിയാം. 2020 ജൂലൈയിലാണ് നാസയുടെ അടുത്ത ചൊവ്വാ ദൗത്യം. ഫെബ്രുവരി 2021ൽ ഇത് ചൊവ്വയിൽ എത്തും.
അമേരിക്കയിലെ വിദ്യാർഥികൾക്കായി നാസ പ്രത്യേക മത്സരങ്ങളും നടത്തുന്നുണ്ട്. മത്സരത്തിൽ ജയിക്കുന്ന ആൾക്ക് ഫ്ലോറിഡയിലെ കേപ് കാനവറാൽ എയർ ഫോഴ്സ് സ്റ്റേഷനിൽ നിന്നും പേടകം പുറപ്പെടുന്നത് കാണാനുള്ള അവസരമാണ് നാസ വാഗ്ദാനം ചെയ്തിരിക്കുന്നത്.