പത്തനംതിട്ട: അപ്രതീക്ഷിതമായി ചെറുനാരങ്ങയുടെ വിലയിലുണ്ടായ വർധന വ്യാപാരികളെ സാരമായി ബാധിച്ചു. സോഡാ സർബത്തു നാരങ്ങാവെള്ളം കച്ചവടം നടത്തിവന്നവരെയാണ് വിലവർധന സാരമായി ബാധിച്ചത്.ദാഹമകറ്റാൻ മലയാളികൾ ഏറ്റവും അധികം ആശ്രയിച്ച് വരുന്ന ഇഷ്ട പാനീയമാണ് സോഡാ സർബത്ത്.
സർബത്ത് വിൽപനയിലുടെ മാത്രം ഉപജീവന മാർഗം കണ്ടെത്തുന്ന നിരവധി ചെറുകിട കച്ചവടക്കാരും നാട്ടിൽ നിരവധിയാണ്. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പല കച്ചവടക്കാരും സർബത്ത് വ്യാപാരം നിർത്തിവച്ച അവസ്ഥയിലാന്ന്. ചെറുനാരങ്ങാ വില കുത്തനെ വർധിച്ചതാണ് സർബത്ത് വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നത്.
നാരങ്ങാ അച്ചാറും ആഡംബര വിഭാഗത്തിൽപെട്ട അവസ്ഥയിലാണുള്ളത്. രണ്ടാഴ്ച മുന്പ് 60 മുതൽ 80 രൂപ വരെ മാത്രം വിലയുണ്ടായിരുന്ന ചെറുനാരങ്ങക്ക് ഏതാനും ദിവസങ്ങളായി 260 മുതൽ 280 രൂപ വരെയാണ് വില. ഒരു നാരങ്ങക്ക് 18 മുതൽ 23 രുപ വരെ വില വരും.
നിലവിൽ സോഡാ സർബത്തിന് 20 രുപയാണ് വില. ഈ വിലക്ക് സൊഡാ സർബത്ത് വിറ്റാൽ നഷ്ടം ആണെന്നാണ് വ്യാപാരികൾ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം തെങ്കാശി ഉൾപ്പടെ ചെറുനാരകം വ്യാപകമായി കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ വിളവ് കുറഞ്ഞതാണ് വില വർധനവിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. കന്നി മാസത്തിൽ വിവാഹങ്ങൾ കുറവായതിനാൽ വരും ദിവസങ്ങളിൽ വില താഴുമെന്ന പ്രതീക്ഷയിലാണ് സർബത്ത് കച്ചവടക്കാർ.