അമരവിള: ഒടിഞ്ഞ കൈയിൽ പ്ലാസ്റ്ററിട്ട് ഡ്യൂട്ടിക്കെത്തിയ സ്റ്റാഫ് നഴ്സിനെ ഡോക്ടർ അധിക്ഷേപിച്ചതായി പരാതി. പെരുന്പഴുതൂർ സിഎച്ച്എസ്സിയിലെ സ്റ്റാഫ് നഴ്സ് ധനുവച്ചപുരം റോസ് നിവാസിൽ ടി .ആർ .ആശയാണ് ഡ്യൂട്ടി ഡോക്ടർക്കെതിരെ പരാതിയുമായി എത്തിയത്.
ഇന്നലെ രോഗികളെ പരിശോധിക്കുന്നതിനിടയിൽ ഒരു രോഗിയുടെ ബിപി പരിശോധിക്കാൻ ഡോക്ടർ ആവശ്യപെട്ടെങ്കിലും കൈയിൽ പ്ലാസ്റ്റർ ഉള്ളതിനാൽ സാധിക്കില്ലെന്ന് ഡോക്ടറെ ആശ അറിയിച്ചു. എന്നാൽ അസുഖമുള്ളവർ ലീവെടുത്ത് വീട്ടിലിരിക്കണമെന്ന് പറഞ്ഞ് ഡോക്ടർ ആക്ഷേപിച്ചെന്നാണ് ആശയുടെ പരാതി.
ഫാർമസിസ്റ്റ് ലീവായതിനാലാണ് സുഖമില്ലാതിരുന്നിട്ടും ഡ്യൂട്ടിക്കെത്തിയതെന്ന് ലിനി പറഞ്ഞു. ഹൃദ്രോഗിയായി ലിനി ആശുപത്രിയിൽ കുഴഞ്ഞ് വീഴുകയും ഉടൻ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വൈകുന്നോരത്തോടെ മെഡിക്കൽകോളജിലേക്ക് മാറ്റുകയും ചെയ്തു.
എന്നാൽ സൗമ്യമായാണ് ആശയോട് പെരുമാറിയതെന്നും അസുഖമുള്ളതിനാണ് ലീവെടുക്കാൻ ആവശ്യപെട്ടതെന്നും ഡോക്ടർ പറഞ്ഞു. ഇന്ന് ആശ പോലീസിൽ പരാതി നൽകുമെന്നും ആശുപത്രിക്കുമുന്നിൽ പ്രതിഷേധ സമരം നടത്തുമെന്നും കെജിഎൻഎ ജില്ലാ സെക്രട്ടറി നിഷാ ഹമീദ് പറഞ്ഞു. സംഭവത്തിൽ ഡോക്ടർ ലിനിയും കെജിഎംഓക്ക് പരാതി നൽകി.