പരിയാരം: അഞ്ഞൂറാമത് ക്ലാസ് പൂർത്തിയാക്കിയതിന്റെ ചാരിതാർഥ്യവുമായി പോലീസിലെ മനഃശാസ്ത്രജ്ഞൻ. ഒരുപക്ഷേ, റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ആർസിഐ) അംഗീകാരമുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത നേടിയ കേരള പോലീസിലെ അപൂർവ വ്യക്തിയും ഇദ്ദേഹമായിരിക്കാം – പരിയാരം മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ എൻ.പി. സഹദേവൻ.
കാങ്കോൽ സ്വദേശിയായ സഹദേവൻ 14 വർഷം മുമ്പ് ബിരുദപഠനം പൂർത്തിയാക്കുന്നതിനിടയിലാണ് പോലീസിൽ ചേരുന്നത്. ജോലിക്കിടയിൽ കൊമേഴ്സിൽ ബിരുദാനന്തര ബിരുദം നേടിയശേഷം ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. ഇതിനുപുറമെ ബിഎഡും സെറ്റും നേടിയ സഹദേവൻ ഹൈദരാബാദ് ഉസ്മാനിയ സർവകലാശാലയുടെ കീഴിൽ സ്വീകാർ അക്കാദമി ഓഫ് റിഹാബിലിറ്റേഷൻ സയൻസസിൽനിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ പ്രഫഷണൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
നാട്ടിലെ ക്ലബുകൾക്കുവേണ്ടിയും നെഹ്റു യുവക് കേന്ദ്ര, എൻഎസ്എസ്, സ്റ്റുഡന്റ് പോലീസ് ക്യാമ്പുകളിലും ബോധവത്കരണ ക്ലാസുകളെടുത്ത് ശ്രദ്ധേയനാണ്. സഹദേവന്റെ കഴിവ് തിരിച്ചറിഞ്ഞ മുൻ ജില്ലാ പോലീസ് മേധാവി ശിവവിക്രം പോലീസുകാർക്ക് മാനസികസമ്മർദം കുറയ്ക്കാനും മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം നൽകാനും ക്ലാസുകൾ നൽകാൻ സഹദേവനെ ചുമതലപ്പെടുത്തിയിരുന്നു. ഈ പരിപാടിയിൽ ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെയും പോലീസുകാർക്കുവേണ്ടിയും സ്പെഷൽ യൂണിറ്റുകളിലുമായി ഇദ്ദേഹം അൻപതിലേറെ ക്ലാസുകളെടുത്തു.
പരിയാരം ഗവ. നഴ്സിംഗ് കോളജിൽ ഇന്നലെ പ്രവേശനത്തിനെത്തിയ ഒന്നാംവർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥികൾക്കു മുന്നിലാണ് സഹദേവൻ തന്റെ അഞ്ഞൂറാമത്തെ ക്ലാസ് പൂർത്തിയാക്കിയത്. മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികൾക്കുൾപ്പെടെ സഹദേവൻ ക്ലാസെടുത്തിട്ടുണ്ട്.
റാഗിംഗ് വിരുദ്ധ ബോധവത്കരണം, സൈബർ സേഫ്റ്റി, സൈബർ ക്രൈം, പേരന്റിംഗ്, മനഃശാസ്ത്രം, ലീഡർഷിപ്പ്, മദ്യം, മയക്കുമരുന്ന് തുടങ്ങി നിരവധി വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന സഹദേവൻ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരിയാരം പോലീസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാർക്കും കണ്ണൂർ വനിതാ സെല്ലിലും പോലീസ് സുഹൃത്തുക്കൾക്കും കൗൺസലിംഗ് സേവനം നൽകിയിട്ടുണ്ട്. മനഃശാസ്ത്രത്തിൽ പിഎച്ച്ഡി നേടുകയെന്നത് അടുത്ത സ്വപ്നമായി കൊണ്ടുനടക്കുന്ന സഹദേവന് യൂണിവേഴ്സിറ്റികൾ പോലീസുകാർക്ക് പിഎച്ച്ഡിക്ക് പാർട്ട് ടൈം രജിസ്ട്രേഷൻ നൽകാത്തത് വിലങ്ങുതടിയാകുന്നു.
പോലീസ് ട്രെയിനിംഗ് കോളജ് തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിലെ മാനസികാരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മൈൻഡ്ഫുൾ ലൈഫ് മാനേജ്മെന്റ് എംഎൽഎം എന്ന ട്രെയിനിംഗ് പരിപാടിയിൽ ട്രെയിനറായി സംസ്ഥാനത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട 28 പോലീസുകാരിൽ ഒരാളായ സഹദേവന് എന്നെങ്കിലും തന്റെ പിഎച്ച്ഡി മോഹം പൂവണിയുമെന്ന പ്രതീക്ഷയാണുള്ളത്. അധ്യാപികയായ രുതിഷയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. തളിപ്പറമ്പ് പോലീസ് ക്വാർട്ടേഴ്സിലാണ് താമസം.