മോഹാലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വിന്റി-20യിൽ ഇന്ത്യ തകർപ്പൻ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 150 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നായകൻ വിരാട് കോഹ്ലിയുടെ വെടിക്കെട്ടാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
അർധ സെഞ്ചുറി നേടിയ കോഹ്ലിക്ക് ശിഖർ ധവാൻ (40) ഉറച്ച പിന്തുണയും നൽകി. 52 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 72 റണ്‍സെടുത്തു കോഹ്ലി പുറത്താകാതെ നിന്നു. ഋഷഭ് പന്ത് ഇന്നും പരാജയപ്പെട്ടു. അഞ്ച് പന്തിൽ നാല് റണ്‍സെടുത്ത ഋഷഭ് പന്തിനെ ഫോർട്ടിൻ പുറത്താക്കി. രോഹിത് ശർമ 12 റൺസും ശ്രേയസ് അയ്യർ 16 റണ്‍സും നേടി.
ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 149 റണ്‍സ് നേടിയത്. അർധ സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയ്ക്കു കരുത്തായത്. ഡി കോക്കിനു പുറമേ തെംബ ബവുമയും (49) ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതി. 37 പന്തിൽ നാല് ഫോറുകളുടെ അകന്പടിയോടെ ഡി കോക്ക് 52 റണ്‍സെടുത്തു.
രണ്ട് വിക്കറ്റുമായി ചഹറും ഓരോ വിക്കറ്റുമായി ജഡേജ, ഹാർദിക് പാണ്ഡ്യ , സൈനി എന്നിവരും ഇന്ത്യക്ക് തുണയായി. ജയത്തോടെ ഇന്ത്യ പരന്പരയിൽ 1-0 മുന്നിലായി.