തൃശൂർ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സാന്പത്തിക തിരിമറിക്കേസിൽ ജാസ്മിൻ ഷാ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരേ രാജ്യത്തെ വിമാനത്താവളങ്ങളിൽ കേന്ദ്രസർക്കാർ ലുക്കൗട്ട് സർക്കുലർ ഇറക്കി. ജാസ്മിൻ ഷാ അടക്കമുള്ള നാലു പ്രതികൾ വിമാനത്താവളങ്ങളിലെത്തിയാൽ കസ്റ്റഡിയിലെടുക്കാനാണ് നിർദേശം. ക്രൈംബ്രാഞ്ചിന്റെ അപേക്ഷപ്രകാരമാണ് സർക്കുലർ ഇറക്കിയിട്ടുള്ളത്.
സാന്പത്തിക തട്ടിപ്പുകേസിൽ യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, നിഥിൻ മോഹൻ, ജിത്തു എന്നിവർക്കെതിരേ നേരത്തേ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നാലു പ്രതികളും പേരുമാറ്റി പല ഇടങ്ങളിലായി ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നും കൂടുതൽ വിശദാംശങ്ങൾ അറിയുന്നവർ പോലീസിൽ വിവരമറിയിക്കണമെന്നും ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസിൽ പറഞ്ഞിരുന്നു.
ജാസ്മിൻ ഷാ വിദേശത്താണെന്നാണ് വിവരം. ഇയാളടക്കം നാലു പ്രതികൾ ജൂലൈ 19ന് നെടുന്പാശേരിയിൽനിന്ന് ഖത്തറിലേക്കു പോയിരുന്നു. ഇവർ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളത്തിൽ ഇറങ്ങിയാൽ അറസ്റ്റ് ചെയ്യാനാണ് ഇപ്പോൾ ലുക്കൗട്ട് സർക്കുലർ ഇറക്കിയിട്ടുള്ളത്.
യുഎൻഎ ഫണ്ടിൽനിന്ന് മൂന്നരക്കോടിയോളം രൂപ തട്ടിയെന്ന പരാതിയിലാണ് കേസ്. ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ സാന്പത്തിക ക്രമക്കേടു നടത്തിയെന്ന് ആരോപിച്ച് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് ആണ് സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകിയത്. കേസിൽ ആകെ എട്ടു പ്രതികളാണുള്ളത്.
നേരത്തേ ജാസ്മിൻ ഷാ ഒളിവിലാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മൊഴിയെടുക്കാനായി ഹാജരാകണമെന്ന് ജാസ്മിൻ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. തുടർന്ന് കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.