തിരുവില്വാമല: മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് ആരംഭംകുറിച്ച് തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല ദർശനത്തിനു ഭക്തജനത്തിരക്ക്. മറ്റൊരു ഉത്സവകാലത്തിന് നാന്ദികുറിക്കുന്ന കന്നിമാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച നടക്കുന്ന നിറമാല തൊഴാൻ വില്വാദ്രിയിലേക്ക് അതിരാവിലെ മുതൽ തന്നെ ഭക്തർ എത്തിക്കൊണ്ടിരിക്കുന്നു.
ക്ഷേത്രപരിസരം താമരപൂമാല തോരണങ്ങളും കുലവാഴകളുംക്കൊണ്ട് അലങ്കരിച്ച് കമനീയമാക്കിയിരുന്നു. നിരവധി വാദ്യകലാകാരന്മാരും ഒട്ടനവധി ആനകളും എഴുന്നള്ളിപ്പിൽ പങ്കെടുക്കാനായി ക്ഷേത്രത്തിൽ എത്തിയിരുന്നു. വാദ്യകലാകാരന്മാർ വില്വാദ്രിനാഥനുമുന്നിൽ നാദാർച്ചനക്കായി എത്തുന്പോൾ ഏക്ക മൊഴിവാക്കി ഉടമസ്ഥർ ആനകളെ എഴുന്നള്ളിക്കുന്നത് നിർമാലയുടെ പ്രത്യേകതയാണ്.
പുലർച്ചെ അഞ്ചിന് കലാമണ്ഡലം അച്ചുതൻ, ഞെരളത്ത് രാമദാസ് എന്നിവർ ചേർന്നവതരിപ്പിച്ച അഷ്ടപദിയോടെയാണ് നിറമാല ഉത്സവത്തിനു തുടക്കമായത്. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ മേളത്തോടെ കാഴ്ചശീലവേലി നടന്നു. തുടർന്ന് പാഠകം കുനിശേരി അനിയൻമാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, വൈകീട്ട് അഞ്ചിന് നാദസ്വരകച്ചേരി, തോരണയുദ്ധം കഥകളി, രാത്രി തായന്പക, ശീവേലി എഴുന്നള്ളിപ്പ് എന്നിവ നടക്കും.