ആലപ്പുഴ: നഗരത്തിലും പരിസരങ്ങളിലും നിരവധി മനുഷ്യരേയും മൃഗങ്ങളേയും കടിച്ച നായയിൽ ഒരെണ്ണത്തിന് പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. തിരുവല്ല റീജിയണൽ ലബോറട്ടറിയിലെ പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം നാട്ടുകാർ പിടികൂടിയ നായ മൃഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഈ നായ പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. പിടികൂടിയ ഏഴു നായകൾ കൂടി നിരീക്ഷണത്തിലുണ്ട്. അതിനിടെ ഹരിപ്പാട് കരുവാറ്റയിൽ സ്കൂൾ വിദ്യാർഥികൾ ഉൾപടെ ഏഴു പേർക്ക് തെരുവുനായയുടെ കടിയേറ്റു.
താമല്ലാക്കൽ നന്ദനം വീട്ടിൽ അമൃത (അഞ്ച്), കരുവാറ്റ പുത്തൻകണ്ടത്തിൽ കീർത്തന (13), ലേഖ നിവാസിൽ അഞ്ജലി (14), കാർത്തികപ്പള്ളി വലിയപറന്പ് ആദർശ് ഭവനത്തിൽ അശ്വിൻ (17) , കുമാരപുരം ഷഹീല മൻസിലിൽ സജിത (38), മകൾ സെൽമാ ഫാത്തിമ (ആറ്), റാന്നി ഇരിക്കുളം മുല്ലന്താനം വീട്ടിൽ രാജി (30) എന്നിവർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.
വൈകുന്നേരം നാലോടെ കരുവാറ്റ ഹൈസ്കൂൾ ജംഗ്ഷനിലായിരുന്നു തെരുവുനായ ആക്രമണം.അതേസമയം നായയുടെ കടിയേറ്റവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. നായയുടെ കടിയേറ്റവർ കൃത്യമായ പ്രതിരോധ കുത്തിവെയ്പിന് വിധേയമാകണമെന്നും ഡോക്ടറുടെ നിർദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
വളർത്തു മൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടോയെന്ന് നിരീക്ഷിക്കണമെന്ന് ജില്ല കളക്ടർ അറിയിച്ചു. ഏതെങ്കിലും വളർത്തു മൃഗത്തിന്റെ കടിയോ നഖ ക്ഷതമോ ഏറ്റാലും ആശുപത്രിയിലെത്തി ചികിത്സ തേടണം. ആളുകൾ ഇക്കാര്യത്തിൽ പരിഭ്രാന്തരാകാതെ ജാഗ്രതപാലിക്കുകയാണ് വേണ്ടതെന്ന് അധികൃതർ പറയുന്നു.