കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തില്‍ കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയതിനെ ന്യായീകരിച്ച് മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. പാലത്തിന്റെ കാര്യത്തില്‍ നയപരമായ തീരുമാനമാണ് എടുത്തതെന്നും ഇന്ന് രാവിലെ കൊച്ചിയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൊബൈലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കുന്നത് പതിവാണ്. മുന്‍കൂര്‍ പണം നല്‍കുന്നത് സാധാരണ രീതിയാണ്, ഇതില്‍ ചട്ടലംഘനമൊന്നുമില്ല. അത് ഈ സര്‍ക്കാരിന്റെ കാലത്തും മുന്‍സര്‍ക്കാരിന്റെ കാലത്തും വിവിധ പദ്ധതികള്‍ക്കായി മുന്‍കൂറായി പണം നല്കുന്ന രീതിയുണ്ട്.
ബജറ്റില്‍ വകയിരുത്താത്ത പദ്ധതികള്‍ക്കും മുന്‍കൂര്‍ പണം നല്‍കാറുണ്ട്. എന്നാല്‍, ഇത്തരത്തില്‍ മൊബൈലേസേഷന്‍ അഡ്വാന്‍സ് കൊടുക്കുന്ന കാര്യം കരാറിലുണ്ടായിരുന്നില്ലല്ലോയെന്ന ചോദ്യത്തിന് അത് ഒരു മന്ത്രിയുടെ വിവേചനാധികാരമാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ വിധിയുണ്ടെന്നുമായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ മറുപടി. എന്‍ജിനീയറിംഗ് പ്രൊക്യൂര്‍മെന്റ് കോണ്‍ട്രാക്ടായിരുന്നു ഇത്.
കെഎസ്ടിപി അടക്കമുള്ള എല്ലാ പ്രോജക്ടുകള്‍ക്കും ഇത്തരത്തില്‍ അഡ്വാന്‍സ് നല്‍കാം. കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് താഴെത്തട്ടിലെ ഉദ്യോഗസ്ഥരില്‍ നിന്നും ശിപാശ ചെയ്തുവന്ന ഫയല്‍ താന്‍ കണ്ടിട്ടുണ്ട്. മന്ത്രിയുടെ അവകാശമാണിത്. അത് നയപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ടി.ഒ.സൂരജിനെ പൊതുമരാമത്ത് സെക്രട്ടറിയാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല.
കുറേക്കാലം പൊതുമരാമത്ത് വകുപ്പിന് സ്വന്തമായി സെക്രട്ടറിയുണ്ടായിരുന്നില്ല. അഡീഷണല്‍ സെക്രട്ടറിമാര്‍ക്ക് അധിക ചുമതല നല്‍കുകയായിരുന്നു പതിവ്. ലോകബാങ്ക് ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ ഇതില്‍ ബുദ്ധിമുട്ട് അറിയിച്ച സാഹചര്യത്തിലാണ് ഇത് മാറ്റി വകുപ്പിനൊരു സെക്രട്ടറിയെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതെന്നും ഇബ്രാഹിംകുഞ്ഞ് പറയുന്നു.
അഴിമതിക്കേസില്‍ റിമാന്‍ഡിലുള്ള ഉദ്യോഗസ്ഥന് ജാമ്യാപേക്ഷയില്‍ പറയുന്നതിന് താന്‍ മറുപടി പറയുന്നില്ല. തനിക്ക് ഒളിച്ചുവയ്ക്കാന്‍ ഒന്നും തന്നെയില്ല. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ചോദ്യം ചെയ്യലിന് വിജിലന്‍സ് അന്വേഷണ സംഘം മുമ്പാകെ ഹാജാരാകാനുള്ള നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം പഴുതുകളില്ലാത്തവിധം മുന്മന്ത്രിയെ ചോദ്യം ചെയ്യാനാണ് വിജിലന്‍സ് സംഘം ഒരുങ്ങുന്നത്. തലസ്ഥാനത്തെ വിജിലന്‍സ് ഡയറക്ടര്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിന് ശേഷമാണ് പാലാരിവട്ടം പാലം അഴിമതി കേസിന്റെ അന്വേഷണം വേഗത്തിലാക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. ഇബ്രാഹിം കുഞ്ഞിനൊപ്പം കിറ്റ്കോയിലെയും റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലെയും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.