പയ്യന്നൂര്‍: നാട്ടിലേക്ക് പണമയക്കാന്‍ ബാങ്കിലെത്തിയ ബീഹാര്‍ സ്വദേശിയായ യുവാവിന്റെ നാലായിരം രൂപയും മൊബൈല്‍ ഫോണും ഇയാളെ സഹായിക്കാന്‍ കൂടിയ അപരിചിതരായ യുപി സ്വദേശികളായ രണ്ടുപേര്‍ അപഹരിച്ചതായി പരാതി.
ഇതേപറ്റി അന്വേഷിച്ച പോലീസിന് പരാതി ശരിവെക്കുന്ന തെളിവുകള്‍ കണ്ടെത്താനുമായില്ല.കേളോത്ത് നോട്ട് ബുക്ക് റസ്റ്റോറന്റിലെ ജീവനക്കാരനായ ബീഹാര്‍ ആസ്റ്റര്‍ പാറ്റ്നയിലെ പപ്പുകുമാറാണ് തട്ടിപ്പിനിരയായതായി പോലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പയ്യന്നൂര്‍ ശാഖക്ക് പുറത്ത്വെച്ചാണ് പരാതിക്കാസ്പദമായ സംഭവം നടന്നതെന്നായിരുന്നു ഇയാളുടെ പരാതി.വീട്ടിലേക്ക് അയക്കാനായി കൊണ്ടുവന്ന പണമാണ് നഷ്ടമായതെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.ഇതേ തുടര്‍ന്ന് ബാങ്കിലെത്തിയ പോലീസ് നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു.
കൗണ്ടറില്‍ കൊടുക്കേണ്ട സ്ലിപ്പ് പൂരിപ്പിക്കാന്‍ നീലഷര്‍ട്ടും ചുവന്ന ഷര്‍ട്ടും ധരിച്ച രണ്ടുപേര്‍ സഹായിക്കുന്നതും പൂരിപ്പിച്ച സ്ലിപ്പുമായി മൂവരും ബാങ്കിന് പുറത്തേക്കിറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്.
ബാങ്കിന് പുറത്തെത്തിയപ്പോള്‍ സഹായികളായി കൂടെക്കൂടിയവര്‍ കയ്യിലെ നാലായിരം രൂപയും സാംസങ്ങിന്റെ മൊബൈല്‍ ഫോണും കവര്‍ന്ന് കടന്നു കളഞ്ഞുവെന്നാണ് പപ്പുകുമാര്‍ പോലീസിനോട് പറഞ്ഞത്.എന്നാല്‍ സംശയകരമായ ദൃശ്യങ്ങളൊന്നും ബാങ്കില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളിലുണ്ടായിരുന്നില്ല.
എന്നാലും ബസ്സ്റ്റാൻഡിലും മദ്യശാലകളിലും നിരീക്ഷണ കാമറയില്‍ കണ്ട നീല ഷര്ട്ടുകാരനേയും ചുവപ്പ് ഷര്ട്ടുകാരനേയും പോലീസ് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ ജോലിചെയ്യുന്ന റസ്റ്റോറന്റിൽ നടത്തിയ അന്വേഷണത്തില്‍ ഈ യുവാവ് എപ്പോഴും സംശയാലുവാണെന്നും പ്രശ്നക്കാരനുമാണെന്നുമുള്ള വിവരമാണ് ലഭിച്ചതെന്ന് പോലീസ് പറയുന്നു. ഇതോടെ വട്ടം കറങ്ങിയത് പോലീസാണ്.