കൊട്ടേക്കാട്: വീണ്ടും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജനമൈത്രി പോലീസ്. ഇടക്കാലത്ത് നിർജീവാവസ്ഥയിലായിരുന്ന ജനമൈത്രി പദ്ധതി വർധിത വീര്യത്തോടെ തുടരാനാണ് അണിയറനീക്കം. സോഷ്യൽ മീഡിയ വഴി പോലീസിന്റെ മനോവീര്യം കെടുത്തുന്നതു വർധിച്ചപ്പോഴാണ് കാര്യമായ പ്രവർത്തനങ്ങൾ നിർത്തിയത്. കൂടുതൽ വീര്യത്തോടെ ജനങ്ങളിലേക്കു ഇറങ്ങി പുതിയ കുതിപ്പിനൊരുങ്ങുകയാണ് ജനമൈത്രി പോലീസ്. ഇതിന്റെ പ്രാരംഭംഘട്ടമെന്ന നിലയ്ക്ക് കേരള ജനമൈത്രി ബീറ്റ് പോലീസ് വീണ്ടും സജീവമാകുന്നു.
പദ്ധതി പുനരുജ്ജീവനത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ ഡിജിപി നേരിട്ടത്തെി പൊതുജനങ്ങളുടെ പരാതി കേട്ടുതീർപ്പാക്കാൻ മെഗാ അദാലത്തുകൾ സംഘടിപ്പിക്കുന്നുമുണ്ട്. തൃശൂരിൽ 30നാണ് പരാതി അദാലത്ത്. വീടുകൾ തോറും കയറിയിറങ്ങി ബീറ്റ് പോലീസ് ജനമൈത്രിയുടെ പുതിയ സന്ദേശം നല്കും. വിവിധ സേവന സംവിധാനങ്ങളുടെ വിവരങ്ങൾ ബന്ധപ്പെടാനുള്ള ഫോണ് നന്പറുകൾ ഉൾപ്പെടെ എല്ലാ വീടുകളിലും ലഭ്യമാക്കും. കൂടാതെ നേരത്തെ നല്കിയ പരാതികളുടെ പുരോഗതി നേരിട്ടറിയിക്കും.
കേരളത്തിൽ 267 സേറ്റഷനുകളിൽ ജനമൈത്രി സുരക്ഷ പദ്ധതി നിലവിലുണ്ട്. നേരത്തെ വാതിക്കൽമുട്ടി ക്ഷേമം അന്വേഷിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥർ വീണ്ടുമെത്തുകയാണ്. എന്തുതരം പരാതികളുണ്ടായാലും നേരിട്ടറിയിക്കാം. കേസ് നല്കേണ്ടവയെ സംബന്ധിച്ച് പ്രത്യേക അറിവും പകർന്നുതരും.പ്രാദേശികതലങ്ങളിലുളള മദ്യം, മയക്കുമരുന്ന് പ്രശ്നങ്ങൾ, ചൂതുകളി, വർഗീയ സംഘർഷങ്ങൾ, ഗുണ്ടാ-മാഫിയ പ്രവർത്തനങ്ങൾ തുടങ്ങി ഏതു തരത്തിലുള്ള പരാതികളും നേരിട്ട് പറയാൻ അവസരം ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.
സഹായം തേടിയുള്ള ഫോണ് കോൾ കിട്ടിയാൽ ജിഐഎസ് -ജിപിഎസ് സംവിധാനം ഉപയോഗിച്ച് ക്യത്യമായ സഥലം കണ്ടെത്തി വളരെ പെട്ടെന്നെത്തുന്ന പോലീസ് സംവിധാനങ്ങളെക്കുറിച്ച് ജനങ്ങളിലെത്തിക്കുക എന്ന ദൗത്യമാണ് പ്രാഥമികമായി ബീറ്റ് പോലീസ് നിർവഹിച്ചുവരുന്നത്. കൊട്ടേക്കാട്, അവണൂർ മേഖലയിൽ ജനമൈത്രി ബീറ്റ പോലിസ് പ്രവർത്തനം ഉൗർജ്ജിതമാക്കിയിട്ടുണ്ട്.