ചിറ്റൂർ: ഓലശ്ശേരിതിരിവിനും കൊടുന്പ് ടൗണിനു മിടയിൽ റോഡിലുണ്ടായ ഗർത്തങ്ങൾ വാഹനസഞ്ചാരത്തിനു ഏറെ വിഷമകരമായിരിക്കുകയാണ്. ഒരു വാഹനം സഞ്ചരിക്കാൻ മാത്രമുള്ള വീതി കുറഞ്ഞ റോഡിൽ ഇരുവശത്തേക്കും വാഹനസഞ്ചാരം ഇഴഞ്ഞു നീങ്ങിയാണ്. ഇതിനിടെ റോഡിലെ ഗർത്തങ്ങളും ഗതാഗത തടസ്സം രൂക്ഷമായിരിക്കുകയാണ്.
ഇതു വഴി വിദ്യാർത്ഥികളും പ്രായാധിക്യമുള്ളവരും കാൽനടയാത്ര അപകട ഭീഷണിയിലുമാണ്. റോഡിന്റെ വടക്കുഭാഗത്തു ഗർത്തങ്ങൾ ഉള്ളതിനാൽ ഇരുവശേത്തക്കുമുള്ള വാഹനങ്ങൾ തെക്കുവശത്തു കൂടിയാണ് കടന്നുപോകുന്നത്.
ഇക്കാരണത്താൽ വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ച അപകടവും നടന്നിട്ടുണ്ട.് പാലക്കാട്- ചിറ്റുർ പ്രധാനപാതയെന്നതിനാൽ അന്‍പതിൽ കൂടുതൽ സ്വകാര്യ ബസ്സുകൾക്ക് പുറമെ പൊള്ളാച്ചി- പാലക്കാട് ചരക്ക ്കടത്തുവാഹനളും മരണപ്പാച്ചിൽ നടത്തുന്ന പ്രധാന പാത കുടിയാണിത്.
റോഡിനിരുവശത്തും വീടുകൾ തിങ്ങിനിറഞ്ഞ നിലയിലാണുള്ളത്. അതു കൊണ്ടു തന്നെ റോഡ് വീതി കൂട്ടി വികസിപ്പിക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ റോഡിലുടനീളംവ്യാപിച്ചിരിക്കുന്ന ഗർത്തങ്ങൾ മൂടി സുരക്ഷിതമായി പുനർനിർമ്മിക്കണമെന്നതാണ് യാത്രക്കാരുടേയും അടിയന്തരാവശ്യം. രാത്രി സമയങ്ങളിൽ ചരക്ക് ലോറികൾ ഗർത്തത്തിൽ ഇടിച്ചിറങ്ങുന്ന ഭീതി ജനകമായ കാതടപ്പിക്കുന്ന ശബ്ദം റോഡിനിരുവശത്തുമുള്ള താമസക്കാരുടെ ഉറക്കം കെടുത്തുകയാണ്.