വടകര: ദേശീയ പാതയോരത്ത് നിർത്തിയിടുന്ന ലോറിയിൽ ഡീസൽ ചോർത്തിയതിനു പിന്നാലെ മുക്കാളിയിൽ രാത്രി നിർത്തിയിട്ട ലോറിയുടെ നാലുടയറുകൾ മോഷണം പോയി. ദീർഘദൂര ഓട്ടത്തിനിടയിൽ വിശ്രമത്തിനായി നിർത്തിയ ടോറസ് ടിപ്പർ ലോറിയുടെ ടയറുകളാണ് കവർന്നത്. സംഭവത്തിൽ ചോന്പാല പോലീസ് അന്വേഷണം തുടങ്ങി.
മധ്യപ്രദേശിൽനിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന രണ്ട് വാഹനങ്ങൾ അടുത്തടുത്ത് നിർത്തിയിട്ട് ഡ്രൈവർമാർ ഉറക്കത്തിലായപ്പോഴാണ് പന്ത്രണ്ട് ടയറുള്ള വാഹനത്തിന്റെ പിൻഭാഗത്തെ നാലുടയറുകൾ കരിങ്കല്ലും മരക്കഷ്ണവും ജാക്കിയായി ഉപയോഗിച്ച് അഴിച്ചെടുത്തത്.
സാധാരണഗതിയിൽ വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ട് ടയർ മാറ്റുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്നതിനാൽ തൊട്ടടുത്ത തട്ടുകടക്കാർക്ക് പോലും മോഷണം ശ്രദ്ധയിൽപ്പെട്ടില്ല. താൽകാലിക റജിസ്ട്രേഷനുള്ള പുതിയ വാഹനമാണിത്. ചോന്പാല പോലീസ് കേസെടുത്ത് എസ്ഐ വി.നസീറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
ഡോഗ് സ്ക്വോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.നാലു ദിവസം മുന്പാണ് വടകര സീയം ജനത ബസ് സ്റ്റോപ്പിനു സമീപത്ത് നിന്ന് ലോറിയിൽ നിന്നു രാത്രി ഡീസൽ ചോർത്തിയ സംഭവം.