കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാലിനെ പ്രതിയാക്കി പെരുന്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചു. ആനക്കൊന്പ് കൈവശം വച്ചതും കൈമാറ്റംചെയ്തതും വന്യജീവി സംരക്ഷണ നിയമപ്രകാരം നിയമവിരുദ്ധമാണെന്നു കുറ്റപത്രത്തിൽ പറയുന്നു. 2012ൽ രജിസ്റ്റർ ചെയ്ത കേസിൽ ഏഴു വർഷത്തിനു ശേഷമാണു കുറ്റപത്രം സമർപ്പിച്ചത്. കേസ് നീണ്ടുപോകുന്നതിൽ ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു.
മോഹൻലാലിന്റെ തേവരയിലെ വീട്ടിൽനിന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ 2011 ജൂലൈ 22നാണു നാല് ആനക്കൊന്പുകൾ കണ്ടെടുത്തത്. 65,000 രൂപയ്ക്കു വാങ്ങിയതാണ് ആനക്കൊന്പുകൾ എന്നായിരുന്നു മോഹൻലാലിന്റെ വിശദീകരണം.
കോടനാട്ടെ വനംവകുപ്പ് അധികൃതർ കേസെടുത്തെങ്കിലും പിന്നീടു റദ്ദാക്കി. തൊട്ടുപിന്നാലെ ലാലിന് ആനക്കൊന്പുകൾ കൈവശംവയ്ക്കാൻ സർക്കാർ അനുമതി നൽകി. ആനക്കൊന്പുകളുടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിനു നൽകിയ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണു വീണ്ടും കേസെടുത്തത്.