കോൽക്കത്ത: ജാദവ്പുര്‍ സര്‍വകലാശാലയിലെത്തിയ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയതായി ആരോപണം. എന്തിനാണ് നിങ്ങൾ ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്നതെന്നും ഇതിനാണോ കാമ്പസില്‍ വരുന്നതെന്നും മന്ത്രി ചോദിച്ചതായി വിദ്യാർഥികൾ പറഞ്ഞു.
കേന്ദ്രമന്ത്രിയെ കൂടാതെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും മോശമായി പെരുമാറിയെന്നും വിദ്യാർഥിനികൾ ആരോപിച്ചു. കഴിഞ്ഞ ദിവസം സർവകലാശാലയിലെത്തിയ ബാബുൽ സുപ്രിയോയെ അഞ്ച് മണിക്കൂറോളം വിദ്യാർഥികൾ തടഞ്ഞുവച്ചിരുന്നു. എസ്എഫ്ഐ, ഐസ പ്രവർത്തകരാണ് മന്ത്രിയെ തടഞ്ഞുവച്ചത്.
അതേസമയം, തനിക്കെതിരേ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ ബാബുൽ സുപ്രിയോ രംഗത്തെത്തി. പ്രതിഷേധിച്ച വിദ്യാർഥികൾ ഭീരുക്കളും തെമ്മാടികളുമാണെന്ന് സുപ്രിയോ ആരോപിച്ചു. കാഷ്മീർ, പൗരത്വ രജിസ്റ്റർ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു സർവകലാശാല കാന്പസിൽ പ്രതിഷേധമുണ്ടായത്.