കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകൾ സമയബന്ധിതമായി പൊളിച്ചുനീക്കാനുള്ള സുപ്രീം കോടതി വിധിയെത്തുടർന്നാണ് ഫ്ലാറ്റുകൾ ഒഴിപ്പിക്കാൻ നഗരസഭാ നോട്ടീസ് നൽകിയതെന്നും ഇതിനെതിരേ സുപ്രീം കോടതിയെയാണു സമീപിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
തീരസംരക്ഷണ നിയമം ലംഘിച്ചു നിർമിച്ച അഞ്ചു ഫ്ലാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കാൻ മരട് നഗരസഭാ നോട്ടീസ് നൽകിയതിനെതിരേ ഫ്ളാറ്റ് ഉടമകളായ എം.കെ. പോൾ, കെ.കെ. നായർ എന്നിവർ നൽകിയ ഹർജികളിലാണ് ജസ്റ്റീസ് ഷാജി പി. ചാലിയുടെ നിരീക്ഷണം. ഹർജികൾ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.
സുപ്രീം കോടതി വിധിക്കെതിരായ ഹർജിയാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രി കേസ് നന്പർ നൽകിയില്ലെന്നും സുപ്രീംകോടതി വിധയെയല്ല, നഗരസഭ ചട്ടങ്ങൾ പാലിക്കാതെ നോട്ടീസ് നൽകിയതിനെയാണു ചോദ്യം ചെയ്യുന്നതെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ കേസ് നന്പർ നൽകണമെന്നു രജിസ്ട്രിയോടു നിർദേശിക്കാനാവില്ലെന്നു സിംഗിൾബെഞ്ച് പറഞ്ഞു.
ഫ്ലാറ്റ് ഒഴിപ്പിക്കാൻ സാധാരണഗതിയിൽ നൽകുന്ന നോട്ടീസല്ല നഗരസഭ നൽകിയത്. നിശ്ചിത സമയത്തിനകം ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതിയുടെ വിധിയുടെ അനന്തര നടപടിയാണിത്. ഇതിൽ എതിർപ്പുണ്ടെങ്കിൽ സുപ്രീംകോടതിയെത്തന്നെയാണു സമീപിക്കേണ്ടതെന്നും സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു.
ഹർജി നന്പർ നൽകാതിരിക്കാൻ രജിസ്ട്രി ഉന്നയിച്ച തടസങ്ങൾക്കുള്ള മറുപടി വിശദീകരണമായി നൽകാനും ഈ വിഷയത്തിലെ സുപ്രീംകോടതി ഉത്തരവുകൾ ഹാജരാക്കാനും ഹർജിക്കാരനോടു ഹൈക്കോടതി ആവശ്യപ്പെട്ടു.
തീരസംരക്ഷണ നിയമത്തിനു വിരുദ്ധമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു കളയാനായി അഞ്ചു ദിവസത്തിനുള്ളിൽ ഇവിടെനിന്ന് ഒഴിഞ്ഞുപോകാൻ നഗരസഭ ബിൽഡർമാർക്കാണ് നോട്ടീസ് നൽകിയതെന്നും ഫ്ലാറ്റുടമകളായ തങ്ങൾക്ക് നോട്ടീസ് നൽകിയില്ലെന്നുമാണ് ഹർജിക്കാരുടെ വാദം.
കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് ചട്ടപ്രകാരം ഒഴിപ്പിക്കണമെങ്കിൽ മുൻകൂർ നോട്ടീസ് നൽകി തങ്ങളുടെ വാദം കേൾക്കണമെന്നുണ്ടെന്നും ഇതു സ്വാഭാവികനീതിയുടെ അടിസ്ഥാന തത്ത്വമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
ഹർജിക്കാരായ എം.കെ. പോൾ ഗോൾഡൻ കായലോരത്തെ ഒരു ഫ്ലാറ്റിന്റെ ഉടമയും കെ.കെ. നായർ ഹോളി ഫെയ്ത്ത് ബിൽഡേഴ്സിലെ ഫ്ളാറ്റ് ഉടമയുമാണ്.