തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിൽ സമഗ്ര അഴിച്ചുപണിക്കൊരുങ്ങി പിഎസ്സി. പരീക്ഷാഹാളിൽ ബാഗ്, മൊബൈൽ ഫോണ്, വാച്ച്, പേഴ്സ് ഉൾപ്പെടെയുള്ള ഒന്നും ഇനിമുതൽ പ്രവേശിപ്പിക്കില്ല. തിരിച്ചറിയൽ രേഖ, അഡ്മിഷൻ ടിക്കറ്റ് നീലയോ കറുപ്പോ മഷിയിലുള്ള പേന എന്നിവ മാത്രമേ പരീക്ഷാ ഹാളിൽ അനുവദിക്കൂ.
ഇൻവിജിലേറ്റർമാരും പരീക്ഷാ ഹാളിൽ ഫോണ് ഉപയോഗിക്കാൻ പാടില്ല. ചീഫ് സൂപ്രണ്ട്, അഡീഷണൽ ചീഫ് സൂപ്രണ്ട് എന്നിവർക്ക് ഔദ്യോഗിക ആവശ്യത്തിനു മാത്രം ഫോണ് ഉപയോഗിക്കാം. ഇതു സംബന്ധിച്ച വിശദമായ മാർഗനിർദേശം പിഎസ്സി പരീക്ഷാ കണ്ട്രോളർ തയാറാക്കി.
നിർദേശങ്ങൾ തിങ്കളാഴ്ച ചേരുന്ന പിഎസ്സി യോഗം ചർച്ച ചെയ്യും. അംഗങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും കൂട്ടിച്ചേർത്ത ശേഷമാകും അന്തിമ നിർദേശം തയാറാക്കി കമ്മീഷൻ അംഗീകരിക്കുക.
ഉദ്യോഗാർഥികളുടെ പക്കലുള്ള ബാഗ്, പേഴ്സ്, മൊബൈൽ ഫോണ്, വാച്ച്, മറ്റു വസ്തുക്കൾ എന്നിവ വയ്ക്കുന്നതിനായി ഓരോ പരീക്ഷാ കേന്ദ്രത്തിലും ക്ലോക്ക് റൂം ഏർപ്പെടുത്തണമെന്നും പരീക്ഷാ കണ്ട്രോളർ തയാറാക്കിയ നിർദേശത്തിൽ പറയുന്നു. ക്ലോക്ക് റൂമിൽ സൂക്ഷിപ്പുകാരനെ നിയമിക്കുന്നതിനുള്ള പ്രതിഫലം പിഎസ്സി നൽകണം.
പരീക്ഷയുടെ പൂർണ ചുമതല ചീഫ് സൂപ്രണ്ടിനായിരിക്കുമെന്നും ക്ലാർക്കിനെ ചുമതല ഏൽപ്പിക്കരുതെന്നും നിർദേശത്തിൽ പറയുന്നുണ്ട്. അധ്യാപകരെയായിരിക്കും ഇൻവിജിലേറ്റർമാരായി നിയമിക്കുക. ഇവർ മുഴുവൻ സമയവും തിരിച്ചറിയൽ കാർഡ് ധരിച്ചിരിക്കണം.
പരീക്ഷാ സമയം കഴിയുന്നതുവരെ ഇൻവിജലേറ്റർമാർ പരീക്ഷാ ഹാളിൽത്തന്നെ ഉണ്ടാകണം. ഉദ്യോഗാർഥികൾ നടത്തുന്ന ക്രമക്കേടുകൾക്ക് അസിസ്റ്റന്റ് സൂപ്രണ്ടുമാരായ ഇൻവിജിലേറ്റർമാരായിരിക്കും ഉത്തരവാദി. പരീക്ഷ ആരംഭിക്കുന്നതിനു മുൻപായി ഇതിന്റെ സത്യപ്രസ്താവന ഇൻവിജിലേറ്റർമാർ ഒപ്പിട്ടു നൽകുകയും വേണം.
പരീക്ഷ ആരംഭിക്കുന്നതിനു 10 മിനിറ്റ് മുൻപു മാത്രമേ ചോദ്യക്കവർ പൊട്ടിക്കാവൂ എന്നും നിർദേശമുണ്ട്. ചോദ്യപേപ്പർ നൽകുന്നതിനു മുൻപായി പരീക്ഷയ്ക്കെത്താത്ത ഉദ്യോഗാർഥികളുടെ ഒഎംആർ ഷീറ്റ് റദ്ദാക്കണം. ഇവ എണ്ണിത്തിട്ടപ്പെടുത്തുകയും ചോദ്യപേപ്പർ കവറിൽ വച്ച് സീൽ ചെയ്യുകയും വേണം.
ഇൻവിജിലേറ്റർമാർ ഉദ്യോഗാർഥിയുടെ ഒപ്പും തിരിച്ചറിയൽ കാർഡും പരിശോധിച്ച് യഥാർഥ ഉദ്യോഗാർഥി തന്നെയാണ് പരീക്ഷയെഴുതാൻ എത്തിയിരിക്കുന്നതെന്ന് ഉറപ്പാക്കണം. ഇതിനുശേഷം മാത്രമേ ഒഎംആർ ഷീറ്റ് നൽകാവൂ.
സംശയം തോന്നുന്ന ഉദ്യോഗാർഥികളെ പരിശോധിക്കുന്നതിനായി പുരുഷ-വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുക, 15 മിനിറ്റിനു മുൻപു മാത്രം ഉദ്യോഗാർഥികളെ ഹാളിൽ പ്രവേശിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്. പരീക്ഷാ ബെൽ അടിച്ചാലുടൻ പുറത്തെ റൂം അലോട്ട്മെന്റ് പട്ടിക മാറ്റി ഗേറ്റ് അടയ്ക്കണം. രക്ഷിതാക്കളെ കോന്പൗണ്ടിൽ കടത്തരുതെന്നും നിർദേശമുണ്ട്.