കൊട്ടാരക്കര: സ്കൂളിനു മുന്നിൽ നിർത്താതെ പോയ കെഎസ്ആർടിസി ബസ് വിദ്യാർഥിനികൾ ഓട്ടോയിൽ പിൻതുടർന്ന് തടഞ്ഞു. ഇതേത്തുടർന്ന് പ്രകോപിതരായ ബസ് ജീവനക്കാർ ബസ് ഉപേക്ഷിച്ചു കടന്നുകളഞ്ഞു.
കഴിഞ്ഞദിവസം വൈകുന്നേരം നാലോടെ സദാനന്ദപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിനുമുന്നിലാണ് സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.സ്കൂളിനു മുന്നിൽ കൈ കാണിച്ചിട്ടും നിർത്താതെ പോയ അടൂർ-ആയൂർ ചെയിൻ സർവ്വീസ് ബസാണ് വിദ്യാർഥിനികൾ പിൻതുടർന്ന് തടഞ്ഞത്.
ബസ് നിറുത്താതെ പോയപ്പോൾ പിന്നാലെ ഓട്ടോറിക്ഷയിൽ പിൻതുടർന്ന മൂന്നു വിദ്യാർഥിനികൾ സ്കൂൾ കഴിഞ്ഞുള്ള കക്കാട് ജംഗ്ഷനിൽ ബസ് എത്തിയപ്പോഴാണ് തടഞ്ഞത്. അതേസമയം പെൺകുട്ടികൾക്കു പിന്തുണയുമായി ബൈക്കുകളിലെത്തിയ ചില യുവാക്കൾ ബസ് ജീവനക്കാരോട് തട്ടിക്കയറി.
യുവാക്കൾ ബസിൽ അതിക്രമം കാട്ടിയതിനാലാണ് ബസ് ഉപേക്ഷിച്ചു കടന്നതെന്നാണ് ജീവനക്കാരുടെ വാദം. ബസിൽ കയറി യാത്ര തുടരാനാണ് ബസ് തടഞ്ഞതെന്നാണ് ഹയർ സെക്കൻഡറി വിദ്യാർത്ഥിഥിനികളായ പെൺകുട്ടികൾ കൊട്ടാരക്കര പോലീസിനു നൽകിയ മൊഴി.
സ്കൂളിനു മുന്നിൽ ബസ് നിർത്താൻ ചില ജീവനക്കാർ വൈമനസ്യം കാട്ടുന്നതായി അധ്യാപകരും രക്ഷാകർത്താക്കളും പറയുന്നു. ജീവനക്കാർ ബസുപേക്ഷിച്ചതോടെ യാത്രക്കാരാണ് പെരുവഴിയിലായത്.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായാണ് പോലീസ് നിരീക്ഷണം.