നെടുമ്പാശേരി: വിദേശത്തുനിന്നും അനധികൃതമായി സ്വർണക്കട്ടികളുമായി എത്തിയ യാത്രക്കാരൻ നെടുന്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. കസ്റ്റംസ് പരിശോധനയിൽനിന്നും രക്ഷപെട്ട ഇയാളെ പിന്നീട് ആഭ്യന്തര ടെർമിനലിൽ നിന്നും സിഐഎസ്എഫ് ആണ് പിടികൂടിയത്.
ഇന്ന് പുലർച്ചെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇകെ 532 നമ്പർ എമിറേറ്റ്സ് വിമാനത്തിൽ ദുബായിൽനിന്നും നെടുമ്പാശേരിയിലെത്തിയ ജമാലു ഷംസുദീൻ എന്ന യാത്രക്കാരനാണ് പിടിയിലായത്. രണ്ട് സ്വർണക്കട്ടികൾ ഷൂസിനകത്താണ് ഇയാൾ ഒളിപ്പിച്ചിരുന്നത്.
അന്താരാഷ്ട്ര ടെർമിനലിൽ നിന്നും കസ്റ്റംസ് എമിഗ്രേഷൻ പരിശോധനകൾ പൂർത്തിയാക്കി പുറത്തിറങ്ങിയ ഇയാൾ പിന്നീട് പുലർച്ചെ 5.15 ന് തിരുച്ചിറപ്പിള്ളിക്ക് പോകുന്നതിനായി ആഭ്യന്തര ടെർമിനലിൽ എത്തിയപ്പോഴാണ് പിടിയിലായത്. സുരക്ഷാ പരിശോധന നടത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കാലിൽ ധരിച്ചിരുന്ന സോക്സിൽ നിന്നും സ്വർണം കണ്ടെത്തിയത്.
കൂടുതൽ ചോദ്യം ചെയ്തപ്പോൾ വിദേശത്തുനിന്നും എത്തിയതാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളെ കസ്റ്റംസ് വിഭാഗത്തിന് കൈമാറി. ഇയാളിൽനിന്നും പിടികൂടിയ സ്വർണത്തിന്റെ കൃത്യമായ തൂക്കം അറിവായിട്ടില്ല.