കോഴിക്കോട്: മര്‍ദനമേറ്റ ഓട്ടോഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സിപിഎം അനുഭാവികളായ എട്ടുപേര്‍ ഒളിവില്‍ . ഇവരെ കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എലത്തൂര്‍ പോലീസ് അറിയിച്ചു. പ്രതികളുമായി ബന്ധപ്പെട്ടുള്ളവരുടെ വീടുകളിലും മറ്റും പോലീസ് നിരീക്ഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ സിപിഎം മുന്‍ പഞ്ചായത്ത് അംഗമുള്‍പ്പെടെ രണ്ടുപേരെ എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പൊറ്റക്കണ്ടത്തില് ശ്രീലേഷ്, സിപിഎം പ്രവര്‍ത്തകനായ കളംകോളിതാഴം ഷൈജു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തത്. പ്രതികളെ കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോഡ്രൈവറും ബിജെപി പ്രവര്‍ത്തകനുമായ എസ്കെ ബസാറിലെ നാലൊന്നുകണ്ടി രാജേഷ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍കോളജില്‍ ചികിത്സയിലാണ്. രാജേഷിന്റെ ഭാര്യ രജിഷയുടെ പരാതിയില്‍ പത്തോളം പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാ സ്പദമായസംഭവം. എലത്തൂര്‍ കൊട്ടേടത്ത് ബസാറിലെ പഞ്ചിംഗ് സ്റ്റേഷന് സമീപത്ത് വച്ചാണ് രാജേഷിനെ ഒരു സംഘം സിപിഎമ്മുകാര്‍ അക്രമിച്ചത്. രാജേഷ് എലത്തൂരില്‍ ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികള്‍ വിലക്കിയിരുന്നതായാണ് പറയുന്നത്.
ഇതിനെചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. മര്‍ദനം സഹിക്കാതെ രാജേഷ് അക്രമികളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് പെട്രോളെടുത്ത് ശരീരത്തിലൊഴിച്ച് തീകൊളുത്തി.
ഗുരുതരമായി തീപൊള്ളലേറ്റ രാജേഷിനെ ആദ്യം കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍കോളജിലേക്കും മാറ്റി. ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് രാജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മര്‍ദിച്ച് പരിക്കേല്പ്പിച്ചവരുടെ വിവരവും മറ്റും രാജേഷ് മജിസ്ട്രേറ്റിന് നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.