കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ ശുചിമുറിയിൽ ഒന്നര കിലോ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നു പുലർച്ചെ വന്നിറങ്ങിയ വിമാനങ്ങളിൽ എത്തിയ യാത്രക്കാരിൽ ഒരാൾ സ്വർണം ഒളിപ്പിച്ചതാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. 1.467 കിലോഗ്രാം സ്വർണമാണ് കണ്ടെത്തിയത്.
ഒരു കിലോയുടെ സ്വർണ ബിസ്ക്കറ്റും നാലു ചെറിയ ബിസ്്ക്കറ്റുകളുമാണ് കണ്ടെടുത്തത്. ശുചിമുറിയിൽ അതീവരഹസ്യമായാണ് ഇവ കാണപ്പെട്ടത്. വിമാനത്താവള എമിഗ്രേഷൻ കൗണ്ടറിനു സമീപത്തെ പുരുഷൻമാരുടെ ശുചിമുറിയിലാണ് ഇവ കാണപ്പെട്ടത്.
സ്വർണം പിന്നീട് കസ്റ്റംസ് കസ്്റ്റഡിയിലെടുത്തു. ഉപേക്ഷിച്ച സ്വർണം ശുചീകരണ തൊഴിലാളികളെ വച്ചു പുറത്തുകടത്താനുള്ള ശ്രമമാണെന്നു കരുതുന്നു. ഇതുമായി ബന്ധപ്പെട്ടു ഈ ഭാഗത്തു ജോലിയിലുണ്ടായിരുന്ന രണ്ടു തൊഴിലാളികളെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. പിടികൂടിയ സ്വർണത്തിനു 53 ലക്ഷത്തിനു മുകളിൽ വിലവരും. സ്വർണത്തിന്റെ വിലക്കയറ്റത്തിനിടയിൽ ഗൾഫിൽ നിന്നുള്ള കള്ളക്കടത്ത് വർധിക്കുകയാണ്.