ചുങ്കപ്പാറ: കോട്ടാങ്ങൽ – ചുങ്കപ്പാറ സികെ റോഡിലെ വെള്ളക്കെട്ട് വാഹന, കാൽനട യാത്രകൾക്ക് ദുരിതമാകുന്നു. കോട്ടാങ്ങൽ – ചുങ്കപ്പാറ റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തിക്കൊണ്ടുള്ള ജോലികൾ നടക്കുന്നതിനാൽ വാഹനങ്ങൾ സികെ റോഡുവഴിയാണ് കടന്നു പോകുന്നത്. എന്നാൽ സികെ റോഡിൽ പൂട്ടുകട്ട നിരത്തിയ സ്ഥലത്തെ വെള്ളക്കെട്ട് റോഡിലൂടെയുള്ള യാത്ര ദുഃസഹമാക്കിയിരിക്കുകയാണ്.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി മക്ക് ഇറക്കിയതോടെ റോഡിന്റെ ഇരുവശങ്ങളിലും വെള്ളക്കെട്ടും രൂപപ്പെട്ടു. ഇതോടൊപ്പം വലിയ കല്ലുകളും മറ്റും ഉള്ളതിനാൽ ഇപ്പോൾ വാഹനങ്ങൾ പോലും കടന്നുപോകാൻ ഏറെ ദുരിതമാണ്.
ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവായി. ഈ റോഡുവഴി വാഹനങ്ങൾകടന്നു പോകുന്നതിനും കഴിയാത്ത അവസ്ഥയിലെത്തിയെന്ന് നാട്ടുകാർ പറയുന്നു.
ഇതു മൂലം സമീപത്തെ വീട്ടുകാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. വെള്ളക്കെട്ടും ചെളിയും നിറഞ്ഞതോടെ സ്കൂർ വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാർ കടന്നുപോകാൻ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി വാഹനങ്ങൾ തടസം കൂടാതെ കടന്നു പോകുന്നതിന് നടപടി ഉണ്ടാകണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.