ന്യൂയോർക്ക്: ടൂറിസ്റ്റുകളേയും, കോളജ് വിദ്യാർഥികളേയും ഇന്റർനെറ്റ് പരസ്യങ്ങളിലൂടെ ആകർഷിച്ച് വൻതോതിൽ വരുമാനമുണ്ടാക്കുന്ന ഒക്ലഹോമയിലെ ടർണർ ഫാൾസ് ‘ബ്ലൂഹോൾ’ മരണക്കെണിയിൽപ്പെട്ട് അപമൃത്യുവിനിരയായവരയുടെ കുടുംബാംഗങ്ങൾക്കു നീതി ലഭിക്കുന്നതിനു ജഐഫ്എ രംഗറത്തിറങ്ങുമെന്ന് ചെയർമാൻ തോമസ് കൂവള്ളൂർ.
സെപ്റ്റംബർ 9ന് വൈകിട്ട് ജസ്റ്റീഫ് ഫോർ ഓൾ (ജെഎഫ്എ) എന്ന സംഘടന വിളിച്ചുചേർത്ത ടെലികോണ്ഫറൻസിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കൂവള്ളൂർ. അടിയന്തിരമായി ഒരു മീറ്റിംഗ് വിളിച്ചുകൂട്ടാനുണ്ടായ സാഹചര്യം ചെയർമാൻ വിശദീകരിച്ചു.
ഒരു വർഷത്തിനുള്ളിൽ 10 പേരുടെ മരണത്തിനു കാരണമായ ഡേവീസ് പാർക്കിൽ എന്തുകൊണ്ട് ഇത്തരത്തിൽ തുടരെ തുടരെ മരണം സംഭവിക്കുന്നു എന്ന് അന്വേഷിക്കാൻ, അതിനെതിരേ ശബ്ദിക്കാൻ ഇന്നേവരെ ഒരു സംഘടനകളും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് ജഐഫ്എ ഇത്തരത്തിൽ ഒരു മീറ്റിംഗ് വിളിച്ചുകൂട്ടിയത്. ഇതിനോടകം പലരേയും സഹായിക്കാനും, നിയമങ്ങൾവരെ ഭേദഗതി ചെയ്യിക്കാനും ജെഎഫ്എയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിലെ ന്ധശബ്ദമില്ലാത്തവരുടെ ശബ്ദം’ എന്ന പേരിൽ അറിയപ്പെടുന്ന ജഐഫ്എ , പണംപോലും പിരിക്കാതെ ജനങ്ങളെ സംഘടിപ്പിച്ചാണ് കാര്യങ്ങൾ നേടിയെടുക്കുന്നത്.
ഒക്ലഹോമയിലെ ഡേവിസ് പാർക്കിൽ അപമൃത്യവിനിരയായവർക്കുവേണ്ടിയുള്ള മൗനപ്രാർഥനയോടെ ന്യൂയോർക്ക് സമയം എട്ടുമണിക്ക് മീറ്റിംഗ് ആരംഭിച്ചു. ടെക്സസിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകനും സംഘാടകനും സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ച എ.സി. ജോർജ് മോഡറേറ്ററായി പ്രവർത്തിച്ചു.
ഭാവിയുടെ വാക്ദാനമായ ഒരു മലയാളി യുവതിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണം ഒക്ലഹോമയിലെ ഡേവീസ് പാർക്ക് അധികൃതരുടേയും, അവിടുത്തെ പോലീസ് അധികാരികളുടേയും അനാസ്ഥ മൂലമാണ് .അപകടത്തിൽ മരണമടഞ്ഞ കുട്ടിയുടെ മാതാപിതാക്കളുടേയും ബന്ധുജനങ്ങളുടേയും അഭിപ്രായങ്ങൾ അറിഞ്ഞശേഷം ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും ജഐഫ്എ ചെയർമാൻ പറഞ്ഞു.
ടെക്സസിലെ ഡാളസിൽ നിന്നും ഒക്ലഹോമയിലെ ഡേവിസ് പാർക്കിൽ വിനോദത്തിനായി പോയി ജീവൻ നഷ്ടപ്പെട്ട ജെസ്ലിൻ മേരി തോമസ് എന്ന മലയാളി യുവതിയെ പ്രതിനിധാനം ചെയ്യുന്ന അറ്റോർണി ഫിനി തോമസ് യോഗത്തിൽ സംസാരിച്ചു.
നാലര വർഷങ്ങൾക്കുമുന്പ് അമേരിക്കയിൽ വരാൻ കാരണം അമേരിക്ക ഇന്ത്യയേക്കാൾ സുരക്ഷയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യമാണെന്നു മനസിലാക്കിയശേഷമായിരുന്നുവെന്നും, എപ്പോഴും സുരക്ഷയ്ക്ക് ജെസ്ലിൻ മുൻതൂക്കം കൊടുത്തിരുന്നു എന്നും മീറ്റിംഗിൽ ജെസ്ലിന്റെ മാതാവ് ലീലാമ്മ തോമസ്പറഞ്ഞു.
വളരെയധികം പണം ചെലവാക്കി, വളരെ കഷ്ടപ്പെട്ടും, ജോലി ചെയ്തും നഴ്സിംഗ് പാസായ ജസ്ലിൻ മാതാപിതാക്കളുടേയും, ബന്ധുജനങ്ങളുടേയും അനുഗ്രഹാശിസുകളോടെ നാട്ടിൽ പോയി വിവാഹം കഴിച്ച് വളരെ സന്തോഷത്തോടെ മടങ്ങി എത്തി ജീവിതത്തിൽ അല്പം വിശ്രമം ലഭിക്കുന്നതിനുവേണ്ടി ഇന്റർനെറ്റിലൂടെ പല സ്ഥലങ്ങൾ നോക്കിയതിൽ ഏറ്റവും നല്ലതാണെന്നു തോന്നിയത് ഒക്ലഹോമയിലെ നാഷണൽ പാർക്കും, പ്രകൃതിദത്തമായ ടർണർ വെള്ളച്ചാട്ടവും ആണെന്നു പലരും പറഞ്ഞതിനാലാണ് അവിടെ പോകാൻ ടിക്കറ്റെടുത്തതെന്നും ജെസ്ലിന്റെ മാതാവ് ലീലാമ്മ തോമസ് പറഞ്ഞു.
ആരെങ്കിലും അപകടസൂചന നൽകിയിരുന്നെങ്കിൽ തന്റെ മകൾ ഒരിക്കലും അങ്ങനെയുള്ള ഒരു സ്ഥലത്ത് പോകുമായിരുന്നില്ലെന്നും ആ മാതാവ് പറഞ്ഞു. അങ്ങനെ അവരുടെയെല്ലാം സന്തോഷം ദുഖമാക്കി മാറ്റിയ കാര്യം ആ അമ്മ വിശദീകരിച്ചപ്പോൾ കേട്ടിരുന്നവരിൽ പലർക്കും കണ്ണീരടക്കുവാൻ കഴിഞ്ഞില്ല .
ഇനിയും ഒക്ലഹോമയിലെ ഡേവീസ് പാർക്കിൽ പോകുന്നവർക്കാർക്കും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകാതിരിക്കാൻ സമൂഹം തന്നെ നടപടിയെടുക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും അവർ പറഞ്ഞു. ജഐഫ്എ എന്ന സംഘടന ഇത്തരത്തിൽ ഒരു മീറ്റിംഗ് വിളിച്ചുകൂട്ടിയതിൽ ജെസ്ലിന്റെ മാതാവ് ലീലാമ്മ സംഘാടകർക്ക് പ്രത്യേകം നന്ദി പറഞ്ഞു.
തുടർന്ന് ജസ്ലിന്റെ മാതൃസഹോദരൻ രാജൻ തോമസ് അപകടത്തിനു കാരണമായ സ്ഥലത്തുപോയി അന്വേഷിച്ച് കണ്ടെത്തിയ വിവരങ്ങൾ വിശദീകരിച്ചു. വർഷങ്ങളായി ഒക്ലഹോമയിലെ ഡേവീസ് പാർക്കിലുള്ള ടർണർ തടാകത്തോടു ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലത്ത് ആരും ശ്രദ്ധിക്കാത്ത കിടങ്ങ് പോലുള്ള ഒരു സ്ഥലമുണ്ടെന്നും അവിടെ കാൽവഴുതി വീണവരൊക്കെ കിടങ്ങിലൂടെ താഴേയ്ക്ക് പോയി അഗാധ ഗർത്തത്തിൽ ചെന്നു വീഴുമെന്നും, ആ ഗർത്തത്തിൽ വള്ളംനിറഞ്ഞുനിൽക്കുകയാണെന്നും, വെള്ളത്തിന്റെ അടിയിൽ ചുഴലിയുണ്ടെന്നതിനാൽ വീണവരാരും തിരിച്ചുവന്നിട്ടില്ലെന്നും രാജൻ തോമസ് പറഞ്ഞു.
ജസ്ലിൻ ജോസ്ജൂലൈ മൂന്നാം തീയതിയാണ് അപകടത്തിൽപ്പെട്ടത്. പിറ്റെദിവസം ജൂലൈ നാലിനു ഇരുപതിനായിരത്തിലധികം ആളുകൾ ആ പാർക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും പ്രതിഷേധം ശക്തമായതിനെത്തുടർന് പാർക്ക് അടച്ചിടേണ്ടി വന്നു.
ജൂലൈ അഞ്ചിനു സുരേഷ് എന്ന ഒരു ഇന്ത്യക്കാരനും ഏറ്റവും ഒടുവിൽ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ പഠിക്കുന്ന ഇന്ത്യയിൽ നിന്നുള്ള രണ്ട് ചെറുപ്പക്കാരും അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു.
ഇത്രയും ആളുകൾ മരിച്ചിട്ടും എന്തുകൊണ്ട് ഒക്ലഹോമ ഗവണ്മെന്റ് ഇക്കാര്യത്തിന് പ്രാധാന്യംകൊടുത്തില്ല എന്ന ചോദ്യം അവശേഷയ്ക്കുന്നു.
ഈ സംഭവത്തിൽ തങ്ങൾ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തുന്നതായി ജഐഫ്എയുടെ ജനറൽ സെക്രട്ടറി കോശി ഉമ്മൻ പറഞ്ഞു. എന്നുതന്നെയല്ല അന്യ സ്റ്റേറ്റുകളിൽ നിന്നുള്ളവരാണ് അധികവും കൊല്ലപ്പെട്ടത്. അതിനാൽ ഇക്കാര്യം അന്വേഷിക്കാൻ എഫ്ബിഐയെ നിയോഗിക്കണമെന്നും, അമേരിക്കൻ അറ്റോർണി ജനറലിനും, അമേരിക്കൻ പ്രസിഡന്റിനും, അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസിനും പരാതി കൊടുക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബോസ്റ്റണിൽ നിന്നുള്ള ജസ്റ്റീസ് ഫോർ ഓൾ എന്ന സംഘടനയുടെ ലീഗൽ അഡ്വൈസർ അറ്റോർണി ജേക്കബ് കല്ലുപുര, സാധാരണഗതിയിൽ ഒരാളെങ്കിലും അപകടത്തിൽപ്പെട്ട് മരിച്ചിട്ടുണ്ടെങ്കിൽ അവിടെ വീണ്ടും അപകടമുണ്ടാകാതിരിക്കാൻ പോലീസ് തന്നെ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകേണ്ടതായിരുന്നുവെന്നും, വീണ്ടും ഒരാൾകൂടി മരിച്ചാൽ അതേപ്പറ്റി അന്വേഷണം നടത്താൻ വേണ്ട റിപ്പോർട്ട് അധികാരികൾക്ക് സമർപ്പിക്കാൻ ബാദ്ധ്യസ്ഥരാണെന്നും, ഇത്രമാത്രം പേർ അപകടത്തിൽപ്പെട്ട് മരിച്ചിട്ടും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് ഗൗരവമുള്ള കാര്യമാണെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യക്കാരായ ഇത്രയും കുട്ടികൾ ഒരേ പാർക്കിൽ, ഒരേ സ്ഥലത്ത് അപകടത്തിൽ മരിച്ചു എന്നറിയുന്നത് വളരെ ഗൗരവമുള്ള കാര്യമാണെന്നും, ഇക്കാര്യത്തിൽ അധികാരികൾക്ക് പരാതി നൽകേണ്ടതാണെന്നും പറഞ്ഞു.
ജഐഫ്എയുടെ ഡയറക്ടറായി തുടക്കം മുതൽ പ്രവർത്തിക്കുന്ന യു.എ. നസീർ ഈ വിഷയത്തിൽ ജനങ്ങളെ ബോധവത്കരിക്കാൻ ശ്രമിക്കണമെന്നും, അധികാരികൾക്ക് ശക്തമായ ഭാഷയിൽ പരാതികൾ നൽകണമെന്നും പ്രസ്താവിച്ചു.
ജഐഫ്എയുടെ ഡയറക്ടറും, മാധ്യമ പ്രവർത്തകനുമായ പി.പി. ചെറിയാൻ ഇത്തരത്തിലുള്ള സംഭവങ്ങളിൽ പ്രതികരിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും എങ്കിൽ മാത്രമേ അധികാരികളെക്കൊണ്ട് അടിയന്തിര നടപടികൾ എടുപ്പിക്കാനാവുകയുള്ളുവെന്നും അഭിപ്രായപ്പെട്ടു.
മരണപ്പെട്ട നാലു കുട്ടികൾ ഡാളസിൽ നിന്നുള്ളവരായതിനാൽ ഡാളസ് കേന്ദ്രീകരിച്ച് ഒരു പ്രതിക്ഷേധ റാലി സംഘടിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്നും, സാധിക്കുമെങ്കിൽ സിബിഎസ്, സിഎൻഎൻ പോലുള്ള മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഒരു പ്രസ് മീറ്റ് നടത്തുന്നതും ഗുണകരമായിരിക്കുമെന്നു മനുഷ്യാവകാശ പ്രവർത്തകനായ റവ. ഡോ. തോമസ് അന്വലവേലി അഭിപ്രായപ്പെട്ടു.
പ്രശസ്ത എഴുത്തുകാരിയായ മീനു എലിസബത്ത് തുടങ്ങി ഒട്ടനവധി പേർ ടെലി കോണ്ഫറൻസ് മീറ്റിംഗിൽ പങ്കെടുത്തു.
മനുഷ്യാവകാശലംഘനം ഒക്ലഹോമ സ്റ്റേറ്റ് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നു വ്യക്തമായി മനസിലാക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കുമെതിരേ നടപടികൾ എടുക്കേണ്ടതാണെന്നും, ജഐഫ്എയുടെ പിന്തുണ ഇക്കാര്യത്തിൽ തുടർന്നും ഉണ്ടാകുമെന്നും എ.സി ജോർജ് പറഞ്ഞു.
റിപ്പോർട്ട്: തോമസ് കൂവുള്ളൂർ