പയ്യന്നൂര്‍: മൊബൈൽ മോഷണക്കേസിൽ പിടിയിലാകുകയും ചന്തേര പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയും ചെയ്തയാൾ പയ്യന്നൂരിൽ അറസ്റ്റിൽ. തളിപ്പറമ്പ് മന്ന സ്വദേശി ഇസുദ്ദീനാണ്(43) പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 19ന് തൃക്കരിപ്പൂരിൽ ഓട്ടോറിക്ഷയിൽ നിന്നും മൊബൈൽ ഫോൺ കവർന്ന സംഭവത്തിൽ വ്യാപാരികളും നാട്ടുകാരും ഇയാളെ പിടികൂടി ചന്തേര പോലീസിൽ എൽപ്പിച്ചിരുന്നെങ്കിലും പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.
പയ്യന്നൂരിൽ ഓട്ടോറിക്ഷയിൽ നിന്നും പണമടങ്ങിയ പഴ്സ കവർന്ന കേസിലാണ് ഇയാൾ ഇന്നലെ പയ്യന്നൂരിൽ പിടിയിലായത്. പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ ശ്രീജിത്ത് കൊടേരിയും കണ്ട്രോള് റൂം എസ്ഐ രാധാകൃഷ്ണനും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് മുന്നിലെ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നാണ് പണമടങ്ങിയ പഴ്സ് കവർന്നത്.
ഒരു അപകട കേസിനെപറ്റി സംസാരിക്കാനായി പോലീസ് സ്റ്റേഷനിലേക്ക് വന്ന എറ്റുകുടുക്കയിലെ ഓട്ടോ ഡ്രൈവര്‍ ഇ.വി.വിനോദ് കുമാറിന്റെ പതിനായിരം രൂപയും രേഖകളുമടങ്ങുന്ന പഴ്സാണ് കവർന്നത്. വിനോദ്കുമാര്‍ സ്റ്റേഷനിലേക്ക് പോയ സമയത്തായിരുന്നു മോഷണം. തിരിച്ചെത്തിയപ്പോള്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന പഴ്സ് കാണാതായതിനെ തുടര്‍ന്ന് അപ്പോള്‍തന്നെ വിവരം പോലീസിലറിയിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കറുത്ത ഷര്‍ട്ട് ധരിച്ച മെലിഞ്ഞ ഒരാള്‍ ഓട്ടോയുടെ സമീപത്ത് നിൽക്കുന്നതായി കണ്ടെത്തി. എന്നാൽ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഒടുവില്‍ രാത്രി പന്ത്രണ്ടോടെ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ഇയാളെ പോലീസ് കണ്ടെത്തി. പരിശോധനയിൽ ഓട്ടോ ഡ്രൈവറുടെ പഴ്സ് കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.