ലണ്ടൻ: ജനറൽ പ്രാക്ടീഷനർമാരും ഡെന്റിസ്റ്റുകളും നടത്തിയ തട്ടിപ്പ് വഴി ബ്രിട്ടനിലെ എൻഎച്ച്എസിന് പ്രതിവർഷം ശരാശരി 214 മില്യൻ പൗണ്ട് നഷ്ടപ്പെടുന്നുവെന്നു കണ്ടെത്തൽ. നൽകാത്ത സേവനങ്ങൾക്കു പണം ഈടാക്കിയും മരിച്ച രോഗികൾക്കു വരെ ചികിത്സ നൽകിയതായി വ്യാജ രേഖകൾ ചമച്ചുമാണ് ഇവർ സർക്കാരിന്റെ പണം കവർന്നിരിക്കുന്നത്.
ആരോഗ്യ രംഗത്തെ ആകെ തട്ടിപ്പുകൾ വഴി 1.3 മില്യൻ പൗണ്ട് പ്രതിവർഷം പൊതു ഖജനാവിനു നഷ്ടപ്പെടുന്നതായി നേരത്തെ തന്നെ കണക്കുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് എൻഎച്ച്എസ് സ്റ്റാഫ് ഉൾപ്പെടുന്ന തട്ടിപ്പിന്റെ വിശദാംശങ്ങളും വെളിച്ചത്ത് വരുന്നത്.
48,000 ജൂനിയർ ഡോക്ടർമാരെയോ 52,000 നഴ്സുമാരെയോ നിയമിക്കാൻ തക്ക തുകയാണ് പ്രതിവർഷം എൻഎച്ച്എസിനു തട്ടിപ്പിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. 108 ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളോ ആറര ലക്ഷം തിമിര ശസ്ത്രക്രിയകളോ നടത്താനും ഈ തുക തികയുമെന്നും കണക്കാക്കുന്നു.
എൻഎച്ച്എസിന്റെ തട്ടിപ്പ് വിരുദ്ധ അഥോറിറ്റി ഇതു സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾ നടത്തിവരുകയാണ്. ജനറൽ പ്രാക്റ്റീസുകളുമായും ഡെന്റിസ്റ്റുകളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റാക്കറ്റുകളും അന്വേഷണത്തിന്റെ പരിധിയിൽ വരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ