കുണ്ടറ :- ഗ്രാമനഗര വ്യത്യാസമില്ലാതെ എല്ലാ ഓട്ടോറിക്ഷകൾക്കും മീറ്റർ ഘടിപ്പിക്കണമെന്ന് കുണ്ചറ പൗരസമിതചി ആവശ്യപ്പെട്ടു. മടക്കയാത്രയിൽ യാത്രക്കാരെ കിട്ടാനില്ലാത്ത സാഹചര്യം നിലനിന്ന കാലത്താണ് ഗ്രാമപഞ്ചായത്ത് അധീനതയിലുള്ള ഓട്ടോറിക്ഷകളെ മീറ്റർ ഘടിപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ ഇന്ന് സ്ഥിതി തികച്ചും വ്യത്യസ്തമാണ്.
വയോജനങ്ങളാണ് ഓട്ടോക്കാരുടെ ക്രൂരതയ്ക്ക് കൂടുതൽ ഇരകളാകുന്നത്. ഒരു രജിസ്ട്രേഡ് അയയ്ക്കാനോ എടിഎമ്മിൽ നിന്നു പണമെടുക്കാനോ പോകുന്ന അവശരായ വയോജനങ്ങൾ പോലും എത്ര അഭ്യർത്ഥിച്ചാലും വെയിറ്റിംഗ് ചാർജ്ജ് കൊടുക്കാമെന്നു പറഞ്ഞാലും ഒരു നിമിഷം പോലും കാത്തു നിൽക്കാതെ സ്ഥലം വിടുന്നു.
യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഒരു നിശ്ചിത സമയം വരെ കാത്തുനിൽക്കാനും അതിന് ഒരു നിശ്ചിത തുക അധികമായി സ്വീകരിക്കാനും എല്ലാ ഓട്ടോക്കാർക്കും ഗതാഗത വകുപ്പ് നിർദ്ദേശം നൽകണമെന്നും പൗരസമിതി വശ്യപ്പെട്ടു.
അഞ്ചു മിനിറ്റു മുതൽ അര മണിക്കൂർ വരെ വെയിറ്റ് ചെയ്യുന്നതിന് 10/-രൂപ അധികം ഈടാക്കാമെന്ന വ്യവസ്ഥയുണ്ടായാൽ യാത്രക്കാർക്ക് മാത്രമല്ല അത് ഉപകാരമാകുന്നത് വാഹനം ഓടിക്കാതെയും ഇന്ധനം ചെലവാക്കാതെയും ലഭിക്കുന്ന അധികതുക ഓട്ടോറിക്ഷാക്കാർക്കും പ്രയോജനമാണ് ചെയ്യുന്നത്.
സ്ത്രീകളെയും വയോജനങ്ങളെയും വഴിയിൽ തള്ളാതെയും സമയത്തിന് ആനുപാതികമായി വെയിറ്റിംഗ് ചാർജ്ജ് നിശ്ചയിച്ചും ഗ്രാമനഗര വ്യത്യാസമില്ലാതെ ഈ നിയമം എല്ലായിടത്തും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ആർടി.ഒ യ്ക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകാൻ കുണ്ടറ പൗരവേദി തീരുമാനിച്ചു.
പ്രസിഡന്റ് പ്രൊഫ.ഡോ. വെള്ളിമണ്‍ നെൽസന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.വി.മാത്യു, എം.മണി, ഇ.ശശിധരൻപിള്ള, മണി ചീരങ്കാവിൽ, ഡോ.എസ്.ശിവദാസൻപിള്ള, വി.ഫിലിപ്പോസ് പണിക്കർ, അഡ്വ.റ്റി.എ അൽഫോണ്‍സ്, ആനന്ദബാബു, വൈ.ഫിലിപ്പോസ് എന്നിവർ പ്രസംഗിച്ചു.