മണ്ണാർക്കാട്: കുമരംപുത്തൂർ- പാണ്ടിക്കാട് സംസ്ഥാനപാതയിലെ വിവിധ ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന തണൽമരങ്ങൾ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി. കാട്ടുകുളത്ത് സംസ്ഥാനപാതയോരത്തെ മരം സമീപത്തെ വീടുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഭീക്ഷണിയാകുന്നതായാണ് നാട്ടുകാരുടെ പരാതി.
വേരുകൾ ഉൾപ്പെടെ ദ്രവിച്ച മരം ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. മരത്തിനു സമീപത്തായി നിരവധി വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ മരത്തിനു ചുവട്ടിലൂടെയാണ് കാൽനടയായും വാഹനങ്ങളിലും പോകുന്നത്.
മരത്തിനു തൊട്ടടുത്തായി വൈദ്യുതലൈനുകളുമുണ്ട്. ശക്തമായ കാറ്റ് വീശുന്പോൾ സമീപവാസികൾ ഭീതിയോടെയാണ് വീടുകളിൽ കഴിയുന്നത്. ഇടയ്ക്കിടെ സംസ്ഥാനപാതയിലേക്ക് മരത്തിന്റെ ശാഖകൾ പൊട്ടിവീഴുന്നതും പതിവാണ്.ഒരുമാസംമുന്പ് പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ പനയംപാടത്ത് കാറിനു മുകളിൽ മരംവീണു ഒരാൾ മരണമടഞ്ഞിരുന്നു.
ഈ സാഹചര്യത്തിൽ എത്രയുംവേഗം തണൽമരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാണ്.ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കാലപ്പഴക്കവും അടിയിലെ മണ്ണ് ഒലിച്ചുപോകുന്നതുമാണ് മരങ്ങൾ കടപുഴകി വീഴാൻ പ്രധാന കാരണമാകുന്നത്. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിനുമുന്പ് അധികൃതർ ഇടപെട്ടു വീഴാറായ തണൽ മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.