നെന്മാറ: ആറുവയസുകാരി അഭിനന്ദനയുടെ ജീവിതത്തിൽ ദൈവദൂതരായി അവൈറ്റിസിലെ ഡോക്ടർമാർ. മേലാർകോട് കവലോട് ലക്ഷ്മണന്റെ മകളും ചിറ്റിലഞ്ചേരി പികഐംഎ യുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയുമായ ആറുവയസുകാരി അഭിനന്ദനയുടെ കാര്യത്തിലാണ് ഇക്കാര്യം സത്യമായത്.
വയറിനുമുകളിലൂടെ വാൻ കയറിയിറങ്ങി ആന്തരാവയവങ്ങളെല്ലാം തന്നെ വിണ്ടുകീറിയ അഭിനന്ദനയെ മരണത്തിന്റെ മുന്നിൽനിന്നും തിരിച്ചുകൊണ്ടുവന്ന നെ·ാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാരാണ് ദൈവത്തിന്റെ പ്രതിപുരുഷന്മാരായി ഇപ്പോൾ ഈ കുടുംബത്തിനും നാടിനും മുന്നിൽ നില്ക്കുന്നത്.
അഭിനന്ദന ഇത്തവണയും അച്ഛനും അമ്മയ്ക്കുമൊപ്പം ഓണം ഉണ്ണണമെന്നതായിരുന്നു ഡോക്ടർമാരുടെ ആഗ്രഹം. തങ്ങളുടെ കുഞ്ഞിന്റെ ജീവൻ തിരിച്ചുതന്ന ഡോക്ടർമാരെ കാണാനും നന്ദി അറിയിക്കാനും അഭിനന്ദനയുടെ മാതാപിതാക്കൾ അവളുടെ അധ്യാപകർക്കൊപ്പമാണ് വീണ്ടും അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിയത്.
സ്കൂളിലേക്കു വന്ന അഭിനന്ദനയെ അച്ഛന്റെ കണ്മുന്നിൽ വച്ചായിരുന്നു സെപ്തംബർ ആറിന് ടെന്പോട്രാവലർ ഇടിച്ചു വീഴ്ത്തിയത്. വയറിനു മുകളിലൂടെ വാൻ കയറിയിറങ്ങി കുട്ടിയുടെ ആന്തരികാവയവങ്ങളെല്ലാം വിണ്ടുകീറി ഗുരുതമായിരുന്നു. നെഞ്ചിൻകൂടിനെയും വയറിനേയും വേർതിരിക്കുന്ന പാളിയായ ഡയഫ്രം തകർന്ന് കുടലും മറ്റു അവയവങ്ങളെല്ലാംതന്നെ നെഞ്ചിന്റെ ഇടതുഭാഗത്തേക്ക് എത്തി.
അത്യാഹിത വിഭാഗത്തിൽ എത്തിച്ച കുട്ടിയെ സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. എം.എസ്.പീതാംബരൻ, അനസ്തേഷ്യോളജിസ്റ്റുകളായ ഡോ. ദീപക് ഫൽഗുനൻ, ഡോ. സുചിത് ചെറുവള്ളി എന്നിവരുടെ നേതൃത്വത്തിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. കുട്ടിയുടെ പ്ലീഹ, കരൾ, വൃക്കകൾ, പാൻക്രിയാസ് തുടങ്ങി പ്രധാന അവയവങ്ങളെല്ലാം മുറിയുകയും ഇടുപ്പെല്ല് പൊട്ടുകയും ചെയ്തിരുന്നു.
ആന്തരിക രക്തസ്രാവംമൂലം ഹീമോഗ്ലോബിൻ കുറഞ്ഞു നാലിൽ എത്തിയതും ശസ്ത്രക്രിയയ്ക്ക് വെല്ലുവിളിയായിരുന്നു. ആന്തരികയാവങ്ങൾക്കെല്ലാം പരിക്കുള്ളതിനാൽ എമർജൻസി മെഡിസിൻ, റേഡിയോളജി, ഇന്റെൻസീവ് കെയർ യൂണിറ്റ്, അനസ്തേഷ്യോളജി, ഓർത്തോപീഡിക്സ്, കാർഡിയോളജി, നെഫ്രോളജി, പൾമണോളജി, പീഡിയാട്രിക് തുടങ്ങി എല്ലാ പ്രധാന വിഭാഗങ്ങളെയും ഏകോപിപ്പിച്ചുള്ള ചികിത്സകളായിരുന്നു നടത്തിയത്.
ശസ്ത്രക്രിയക്കുശേഷം മൂന്നുദിവസം അഭിനന്ദന വെന്റിലേറ്ററിലായിരുന്നു. നാലാംദിവസംമുതൽ ആരോഗ്യനില പതിയെ മെച്ചപ്പെട്ടു. തുടർന്നു സംസാരിക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി. 14 ന് കുട്ടിയെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കുകൊണ്ടുപോയി. ഇടുപ്പെല്ലിന് പൊട്ടലുള്ളതിനാൽ നാലുമുതൽ ആറാഴ്ചവരെ പൂർണവിശ്രമം ആവശ്യമാണ്. അതിനുശേഷം അഭിനന്ദന പഴയപോലെആരോഗ്യവതിയാകും.
സെപ്തംബർ ആറിന് രാവിലെ ഒന്പതിന് ഗോമതി സെന്റ് തോമസ് നഗർ കുരിശുപള്ളിക്കും നെന്മാറ എൻഎസ്എസ് കോളജിനുമിടയിലായിരുന്നു അപകടം. തൃശൂരിൽനിന്നും പൊള്ളാച്ചിയിലേക്ക് പോയിരുന്ന വാനാണ് കുട്ടിയെ ഇടിച്ചത്. ബസിൽ കയറിയപ്പോൾ രണ്ടാംക്ലാസുകാർക്ക് ഇന്ന് ക്ലാസില്ലെന്ന് പറഞ്ഞതോടെ ബസിൽനിന്ന് ഇറങ്ങി അച്ഛന്റെ അടുത്തേക്ക് പോകുന്നതിനിടെയായിരുന്നു വാൻ ഇടിച്ചത്.
മരണത്തിന്റെ നൂൽപാലത്തിലൂടെ സഞ്ചരിച്ച ആറു വയസുകാരിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ അവൈറ്റിസിലെ മികച്ച സാങ്കേതികവിദ്യകൾക്കൊപ്പം വിദഗ്ധ ഡോക്ടർമാരുടെ വൈദഗ്ധ്യവും ലോകോത്തര നിലവാരത്തിലുള്ള ചികിത്സകൾക്കും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ശാന്തിപ്രമോദും ജ്യോതി പാലാട്ടും പറഞ്ഞു.
സാധാരണ ഇത്തരം അപകടങ്ങളിൽ രോഗി രക്ഷപ്പെടുന്നത് അപൂർവമാണെന്നും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചതിനാലാണ് അഭിനന്ദനയുടെ ജീവൻ രക്ഷിക്കാനായതെന്നും സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. എം.എസ് പീതാംബരൻ അറിയിച്ചു.മകളുടെ ജീവൻ തിരിച്ചുനല്കിയ അവൈറ്റിസ് ആശുപതിയിലെ ഡോക്ടർമാരെയും സ്വന്തം മകളെപ്പോലെ അവളെ ശുശ്രൂഷിച്ച ഓരോരുത്തരെയും നന്ദിയോടെ സ്മരിക്കുന്നതായി അഭിനന്ദനയുടെ പിതാവ് ലക്ഷ്മണൻ പറഞ്ഞു.
അത്യാധുനിക സൗകര്യങ്ങളുള്ള അവൈറ്റിസ് പോലുള്ള ആശുപത്രി നെന്മാറയിൽ ഉണ്ടായിരുന്നില്ലെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കുകയെന്നത് അസാധ്യമാകുമായിരുന്നുവെന്നും സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിൽ മികച്ച ചികിത്സ നല്കുവാൻ അവൈറ്റിസിന് കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ചിറ്റിലഞ്ചേരി പികഐംഎ യുപി സ്കൂൾ പ്രധാനാധ്യാപകൻ കെ.സി.ബാബുദാസ് പറഞ്ഞു.