എടത്വ: സാന്ത്വന പരിചരണ വിഭാഗത്തിൽപെട്ട കിടപ്പുരോഗികൾക്കായി മരുന്നു വാങ്ങാൻ പഞ്ചായത്തുകൾ പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭിക്കുന്നില്ലെന്നു പരാതി. സമയത്തിന് മരുന്നു നൽകാൻ കഴിയാതെ ആശുപത്രി അധികൃതരും മരുന്ന് ലഭിക്കാത്തതിനാൽ രോഗികളും വലയുന്നു. ഇതുമൂലം കിടപ്പു രോഗികൾ പുറത്തു നിന്നും അമിത വില കൊടുത്ത് മരുന്നു വാങ്ങേണ്ട അവസ്ഥയാണ്. തലവടി ഗ്രാമ പഞ്ചായത്തിൽ മാത്രം 90 ഓളം രോഗികൾക്കാണ് മരുന്ന് ലഭ്യമാക്കേണ്ടത്.
പണമടച്ചിട്ടും മരുന്ന് ലഭ്യമാക്കാൻ തയാറാകാത്തവർക്കെതിരേ നടപടി സ്വീകരിക്കുകയും അടിയന്തരമായി മരുന്നെത്തിക്കാൻ നടപടി സ്വീകരിക്കുകയും വേണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജനൂബ് പുഷ്പാകരൻ, അംഗം അജിത്കുമാർ പിഷരത്ത് എന്നിവർ ആവശ്യപ്പെട്ടു.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ സാന്ത്വന പരിപാലന സംഘത്തിന്റെ പ്രവർത്തനത്തിനു വേണ്ടിയും കിടപ്പു രോഗികൾക്ക് മരുന്നു വാങ്ങാനും തുക നീക്കിവയ്ക്കുകയും അത് പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറുകയുമാണ് ചെയ്യുന്നത്.
തുക പിന്നീട് ഇവർ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിന് (കാരുണ്യ) കൈമാറും. ഇവർ ഓരോ ആശുപത്രിയിലേക്കും ആവശ്യത്തിന് മരുന്നെത്തിക്കുകയാണ് ചെയ്യുന്നത്. പാലിയേറ്റീവ് പ്രവർത്തകർ വീടുവീടാന്തരം സന്ദർശിച്ച് കിടപ്പു രോഗികളെ കണ്ടെത്തുകയും ഇവർക്ക് ആവശ്യമുള്ള മരുന്ന് അതാത് ആശുപത്രികളിൽ നിന്നും വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.