വൈപ്പിൻ: മുനന്പത്ത് പെലാജിക് വല ഉപയോഗിക്കുന്ന മത്സ്യബന്ധന ബോട്ടുകളെ പിടികൂടുന്ന സ്ക്വാഡിൽ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ നേതൃത്വം നൽകാൻ ഇല്ലാത്ത സാഹചര്യത്തിൽ കീഴ് ജീവനക്കാരായ സീ ഗാർഡുമാർ അഴിമതി കാട്ടുന്നതായി ചില ബോട്ടുടമകൾ പരാതിപ്പെട്ടു.
മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിൽ എത്തുന്ന പെലാജിക് വല ഉപയോഗിക്കാത്ത സിംഗിൾ ബോട്ടുകളാണ് സീ ഗാർഡുമാരുടെ ചൂഷണത്തിനും ഭീഷണിക്കും ഇരയാകുന്നത്. കേസെടുക്കാൻ മതിയായ അളവിൽ ചെറുമത്സ്യങ്ങൾ ഇല്ലെങ്കിലും ഇവർ ബോട്ടുകളിൽ പരിശോധനക്കെത്തി ആവോലി, നെയ്മീൻ, മാച്ചാൻ തുടങ്ങിയ നല്ല മത്സ്യങ്ങൾ ആവശ്യപ്പെടും. ഇത് കൊടുക്കാൻ വിസമ്മതിച്ചാൽ നാലു കണ്ടെയ്നർ മത്സ്യമാണെങ്കിൽ പോലും കേസെടുക്കുന്ന പ്രവണതയാണ് മുനന്പത്തെ രണ്ട് ഹാർബറുകളിലും അരങ്ങേറുന്നത്.
അധികാരപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ പരിശോധന സമയത്ത് ഇല്ലാത്തതാണ് സീ ഗാർഡുമാർ അഴിഞ്ഞാടാൻ കാരണം. ചില ബോട്ടുകാരിൽ നിന്നും പണം വരെ കൈപ്പറ്റുന്നുണ്ടെന്നാണ് മത്സ്യതൊഴിലാളികൾ പറയന്നത്. എന്നാൽ ഇപ്പോഴും ചില ബോട്ടുകൾ പെലാജിക് വലകൾ ഉപയോഗിച്ച് ചെറിയ കൂന്തൽ കുഞ്ഞുങ്ങളെ പിടികൂടി ഹാർബറിൽ എത്തിക്കുന്നുണ്ട്. ഈ ബോട്ടുകളിൽ വലിയ മത്സ്യങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ ഇത്തരം ബോട്ടുകളിൽ ഇവർ പരിശോധന ഒഴിവാക്കുകയാണത്രേ.
ഈ സാഹചര്യത്തിൽ മുനന്പം മത്സ്യസംരക്ഷണ സമിതി പ്രതിനിധികളുമായി അടിയന്തര കൂടിക്കാഴ്ച നടത്തി പ്രശ്ന പരിഹാരം കാണണമന്നാണ് ബോട്ടുടമകളുടെ ആവശ്യം. അല്ലാത്തപക്ഷം പെലാജിക് രഹിത മത്സ്യബന്ധനം എന്ന ലക്ഷ്യം സാധൂകരിക്കാതെ പ്രശ്നം സംഘർഷത്തിലേക്ക് നയിക്കുമെന്നും പരാതി ഉന്നയിച്ച മത്സ്യബന്ധന ബോട്ടുടമകൾ മുന്നറിയിപ്പ് നൽകി.