കോതമംഗലം: നെല്ലിക്കുഴി-പാഴൂർമോളം കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്ക് നിർമാണം പൂർത്തിയാകും മുന്പേ തകർന്നു. ഇതോടെ നാട്ടുകാർ നിർമാണ പ്രവൃത്തികൾ തടഞ്ഞു. ടാങ്കിന്റെ കോണ്ക്രീറ്റംഗ് കഴിഞ്ഞ് തട്ട് പൊളിക്കുന്നനതിനിടെ ഒരു വശം തകർന്ന് വീഴുകയായിരുന്നു. നെല്ലിക്കുഴി പഞ്ചായത്തിലെ ഒന്നാം വാർഡിൽ പാഴൂർമോളം കുടിവെള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഇതിൽ 25 ലക്ഷം മുടക്കി നിർമിക്കുന്ന വാട്ടർ ടാങ്കാണ് നിർമാണം പൂർത്തിയാകും മുന്പേ തകർന്നത്. നിർമാണത്തിലെ അപാകതയും കോണ്ക്രീറ്റിംഗിൽ നടത്തിയ തട്ടിപ്പുമാണ് ടാങ്കിന്റെ തകർച്ചക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. നിർമാണ പ്രവൃത്തികൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ തയാറായിരുന്നില്ല. കരാറുകാരന്റെയും തൊഴിലാളികളുടെ തന്നിഷ്ടപ്രകാരമാണ് നിർമാണം നടന്നതെന്നും നാട്ടുകാർ ആരോപിച്ചു.
ആവശ്യത്തിന് സിമന്റ് ഉപയോഗിക്കാതിരുന്നതാണ് തകർച്ചക്ക് കാരണമെന്നും സംശയിക്കുന്നു. സിമന്റ് തേച്ച് അറ്റകുറ്റപ്പണിയിലൂടെ തകർച്ചയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കരുതെന്നും നാട്ടുകാർ പറഞ്ഞു. ടാങ്കിന്റെ പുനർനിർമാണമാണ് നാട്ടുകാരുടെ ആവശ്യം.
അതിന് തയാറായില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശമാണ് പാഴുർമോളം. പാലാരിവട്ടം പാലത്തിന്റെ മറ്റൊരു പതിപ്പാണ് തകർന്ന കുടിവെള്ളടാങ്കെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.