കോഴിക്കോട്: തോറ്റ വിദ്യാർഥിയെ ജയിപ്പിക്കാൻ സർവകലാശാല ചട്ടങ്ങൾ മറികടന്ന് ഇടപെടൽ നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെതിരേ മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണം നടത്തണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.
തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ മന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണം നേരിടാൻ കെ.ടി. ജലീൽ തയാറാകണം. പരീക്ഷയിൽ 29 മാർക്ക് മാത്രം ലഭിച്ചതു മൂലം തോറ്റ കൊല്ലം ടികെഎം എൻജിനിയറിംഗ് കോളജ് വിദ്യാർഥിക്ക് അത് 48 മാർക്കായി വർധിപ്പിച്ചതു സംബന്ധിച്ചാണ് വിവാദം ഉയർന്നിരിക്കുന്നത്. ഉന്നത കലാലയങ്ങളിൽ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർഥികളെയാണ് മന്ത്രി അധികാര ദുർവിനിയോഗം നടത്തി വഞ്ചിച്ചത്.
പുനർമൂല്യനിർണയത്തിലും ജയിപ്പിക്കാനാകാത്ത വിദ്യാർഥിയെയാണ് മന്ത്രി പ്രത്യേക താത്പര്യമെടുത്ത് ജയിപ്പിച്ചത്. മന്ത്രിയുടെ തന്നിഷ്ടം നടപ്പാക്കാനുള്ള വകുപ്പായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മാറിയിരിക്കുകയാണ്. ഇതുസംബന്ധിച്ച പരാതിയിൽ ഗവർണർ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യത്തിലാണ് ഈ അധികാര ദുർവിനിയോഗം. പിഎസ് സി പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ എസ്എഫ്ഐ നേതാക്കൾക്ക് സഹായം നൽകിയതിന്റെ മറ്റൊരു പതിപ്പാണിത്. കഷ്ടപ്പെട്ടു പഠിച്ച് വിജയം നേടുന്ന വിദ്യാർഥികളെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. മന്ത്രി നടത്തിയ സ്വജനപക്ഷപാതം സത്യപ്രതിജ്ഞാ ലംഘനമാണ്. മുഖ്യമന്ത്രി ഇടപെട്ട് കെ.ടി. ജലീലിനെതിരേ ഉടൻ അന്വേഷണം പ്രഖ്യാപിക്കണമെന്നും കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.