തിരുവനന്തപുരം: മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ പറയുന്ന ഏഴു നിയമലംഘനങ്ങളുടെ പിഴ സംസ്ഥാനത്തു കുറയ്ക്കാൻ ധാരണ. പിഴയിൽ എത്രത്തോളം കുറവു വരുത്താമെന്നതു ഗതാഗത- നിയമ വകുപ്പിന്റെ ചർച്ചയ്ക്കു ശേഷം തീരുമാനിക്കും. എന്നാൽ, ഹെൽമറ്റ്, സീറ്റ്ബെൽറ്റ് അടക്കമുള്ള നിശ്ചിത പിഴ പകുതിയാക്കുന്നതിൽ തീരുമാനമായില്ല. ഇതിനായി വീണ്ടും കേന്ദ്ര സർക്കാരിനെ സമീപിക്കും.
1,000 മുതൽ 10,000 രൂപ വരെയുള്ള പിഴ നിശ്ചയിച്ചതിലും കുറഞ്ഞ നിരക്ക് ഈടാക്കാൻ കഴിയുമോ എന്നു നിയമസെക്രട്ടറി വീണ്ടും പരിശോധിക്കും. പുനർവിജ്ഞാപനം ഇറക്കിയ ശേഷമേ മോട്ടോർ വാഹന നിയമലംഘനങ്ങളുടെ പിഴ ഈടാക്കൂ. അതുവരെ കേസുകൾ കോടതിക്കു കൈമാറാനും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
കേന്ദ്ര നിയമ ഭേദഗതിയിൽ ഇത്ര വരെ പിഴ ഈടാക്കാമെന്നു പറയുന്ന ഏഴിനങ്ങളുടെ തുക കുറയ്ക്കാനാണു നിർദേശിച്ചത്. കുറയ്ക്കേണ്ട തുക സംബന്ധിച്ചു ഗതാഗത സെക്രട്ടറിയും കമ്മീഷണറും ചേർന്നു റിപ്പോർട്ട് നിയമ വകുപ്പിനു കൈമാറണം. നിയമ സെക്രട്ടറി ഇതിലെ നിയമവശം പരിശോധിക്കും. നിയമമന്ത്രിയുടെ അഭിപ്രായം കൂടി രേഖപ്പെടുത്തിയ ശേഷമേ അന്തിമമാക്കൂ.
ഹെൽമറ്റും സീറ്റ് ബെൽറ്റും അടക്കമുള്ള നിയമ ലംഘനങ്ങളുടെ പിഴ 1,000 രൂപയിൽനിന്ന് 500 ആക്കി കുറയ്ക്കാമെന്നു നിയമ സെക്രട്ടറി യോഗത്തെ അറിയിച്ചു. 2005ലെ ജസ്റ്റീസ് അരിജിത് പാസായത്തിന്റെ സുപ്രീംകോടതി വിധി ഉദ്ധരിച്ചാണ് ഇക്കാര്യമറിയിച്ചത്.
എന്നാൽ, പാർലമെന്റ് പാസാക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്ത പിഴ സംസ്ഥാനം ഏകപക്ഷീയമായി കുറയ്ക്കുന്നതു നിയമപരമായി നിലനിൽക്കില്ലെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നതോടെ ഇക്കാര്യത്തിൽ വീണ്ടും കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടാൻ തീരുമാനിച്ചു.
ആയിരം മുതൽ 10,000 രൂപ വരെ ഈടാക്കാവുന്ന പിഴകളിൽ കുറഞ്ഞ നിരക്കു സംസ്ഥാനത്തിനു നിശ്ചയിക്കാം. എന്നാൽ, ചില ഇനങ്ങളിൽ മിനിമത്തിലും കുറഞ്ഞ നിരക്ക് നിശ്ചയിക്കാമോ എന്ന കാര്യമാണു നിയമവകുപ്പ് വീണ്ടും പരിശോധിക്കുന്നത്. പിഴ കുറയ്ക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയെങ്കിലും ഉത്തരവിറക്കിയില്ല. വ്യക്തത വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിനു കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല.
കുറയ്ക്കാൻ ധാരണയായവ
• പൊതുവിഭാഗത്തിൽ പെടുന്നവ (സെക്ഷൻ 177): നിയമത്തിൽ ഒരിടത്തും പറയാത്ത പിഴകൾ; വാഹനത്തിന്റെ പുക സർട്ടിഫിക്കറ്റ് ഇല്ലാതിരിക്കൽ, ഇൻഡിക്കേറ്റർ പ്രവർത്തിക്കാതിരിക്കൽ അടക്കമുള്ള നിയമ ലംഘനം- കേന്ദ്ര നിയമത്തിൽ പറയുന്നത്- 500 രൂപ വരെ പിഴ.
• അധികൃതരുടെ ഉത്തരവ് പാലിക്കാതിരിക്കൽ- 179 (1).
• അധികൃതർ ആവശ്യപ്പെടുന്ന വിവരങ്ങൾ സമയത്തു നൽകാതിരിക്കൽ- 179 (2)- രണ്ടിനും 2,000 രൂപ വരെ പിഴ.
• കണ്ടക്ടർ ലൈസൻസ് ഇല്ലാതെ ബസിൽ കണ്ടക്ടർ ജോലി ചെയ്താൽ- 10,000 രൂപ വരെ പിഴ.
• ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോണ് ഉപയോഗിക്കുന്നത്. നിലവിൽ 1,000 മുതൽ 5,000 രൂപ വരെ പിഴ ഈടാക്കാം. ഇതു മിനിമത്തിലും കുറയ്ക്കാൻ കഴിയുമോ എന്നു പരിശോധിക്കും.
• മാനസികമായും ശാരീരികമായും മോശം അവസ്ഥയിൽ വാഹനം ഓടിച്ചാൽ (സെക്ഷൻ- 186) 1,000 രൂപ വരെ.
• വായു, ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന തരത്തിലുള്ള വാഹനം ഉപയോഗിച്ചാൽ 190 (2)- നിലവിൽ 10,000 രൂപ വരെ പിഴ.