ചങ്ങനാശേരി: നറുക്കെടുപ്പിനു മുൻപ് ടിക്കറ്റ് കൈപ്പറ്റാൻ കഴിയാത്ത മനോജിനു ബിസ്മി ലോട്ടറി മാനേജ്മെന്റിന്റെയും സ്റ്റാഫിന്റെയും സത്യസന്ധത മൂലം കോടിപതിയാകാൻ കഴിഞ്ഞു. സ്ഥിരമായി ലോട്ടറി എടുക്കുന്ന കറുകച്ചാലിലെ ടാക്സി ഡ്രൈവർ മനോജിന് ഇന്നലെ നറുക്കെടുപ്പിനു മുൻപ് ടിക്കറ്റ് എടുക്കാൻ കഴിഞ്ഞിരുന്നില്ല.
മനോജ് ഇന്നലെ 2.45ന് ലോട്ടറിക്കടയിലെ മാനേജർ സുനിലിനെ ഫോണിൽ വിളിച്ചു കാരുണ്യയുടെ ടിക്കറ്റ് വേണമെന്ന് അറിയിച്ചു. വില്പനയുടെ അവസാനം മിച്ചംവന്ന എട്ടു ടിക്കറ്റ് മാനേജർ സുനിൽ കുമാർ മനോജിനുവേണ്ടി എടുത്തു പോക്കറ്റിൽ സൂക്ഷിച്ചു. ലോട്ടറി ഫലം പ്രഖ്യാപിച്ചപ്പോൾ ഇതിൽ ഒരു ടിക്കറ്റിന് ഒരു കോടി രൂപ നറുക്ക് വീഴുകയായിരുന്നു. ഒരു ഫോണ് കോളിലാണ് മനോജ് കോടിപതിയായത്.
നറുക്കെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മനോജിനായി മാറ്റിവച്ച ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതറിഞ്ഞ ഏജൻസി മാനേജർ സുനിൽകുമാർ ബിസ്മി ലോട്ടറി ഏജൻസി ഉടമ ബൈജുവിനെ ഫോണിൽ വിവരം അറിയിച്ചു. ബൈജുവിന്റെ നിർദേശപ്രകാരം മനോജിനെ കറുകച്ചാലിലെ ലോട്ടറിക്കടയിലേക്കു വിളിച്ചുവരുത്തി. തുടർന്ന് ഒരുകോടി സമ്മാനം നേടിയ കെഎൽ220994 നന്പറിലുള്ള ടിക്കറ്റ് ബൈജുവും സുനിലും ചേർന്നു മനോജിനു കൈമാറി. ആഷിതയാണ് മനോജിന്റെ ഭാര്യ. തുക കിട്ടിയ ശേഷം ഭാവി പരിപാടികളെപ്പറ്റി ആലോചിക്കുമെന്ന് മനോജ് പറഞ്ഞു.