കൊച്ചി: ഖത്തറിലെ മലയാളി വ്യവസായിയെ കൂടാതെ ഹണിട്രാപ് സംഘത്തിന്റെ വലയിൽ കൂടുതൽപ്പേർ ഇരയായിട്ടുണ്ടാകാമെന്ന് പോലീസ്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് മറ്റു പലരെയും ഇത്തരത്തിൽ ഹണിട്രാപ്പ് ഓപ്പറേഷനിലൂടെ കുരുക്കിയിട്ടുണ്ടെന്ന സൂചന പോലീസ് കിട്ടിയിട്ടുണ്ട്.
ഇവരെ വിശദമായി ചോദ്യം ചെയ്താലെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു. തട്ടിപ്പിന് ഉപയോഗിച്ച ലാപ്ടോപ്പും മൊബൈൽ ഫോണുകളും കണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഇവ പരിശോധിച്ചാൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
കേസിലെ രണ്ടാം പ്രതി കണ്ണൂർ സ്വദേശി ഷാനവാസ് ഇനിയും പിടിയിലാകാനുണ്ട്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കിട്ടിയിട്ടുണ്ട്. തട്ടിപ്പിന് പ്രതികൾക്ക് സഹായങ്ങൾ ഒരുക്കിക്കൊടുത്ത ആളാണ് ഷാനവാസ്.
ഒന്നാം പ്രതി പയ്യന്നൂർ വെള്ളോരാ എരമംകുട്ടൂർ മുണ്ടയോട്ട് സവാദ് (25), മൂന്നു മുതൽ അഞ്ചുവരെയുള്ള പ്രതികളായ തോപ്പുംപടി ചാലിയത്ത് മേരി വർഗീസ് (26), തളിപ്പറന്പ് പുല്ക്കൂൽ അസ്കർ (25), കണ്ണൂർ കടന്നപ്പള്ളി ആലക്കാട് ഭാഗം കുട്ടോത്ത് വളപ്പിൽ മുഹമ്മദ് ഷഫീഖ് (27) എന്നിവരാണ് അറസ്റ്റിലായവർ. ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് സെൻട്രൽ സിഐ എസ്. വിജയശങ്കർ പറഞ്ഞു.
ഖത്തറിൽ വച്ചാണ് പ്രതികൾ വ്യവസായിയെ ചതിയിൽ പെടുത്തുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വ്യവസായിയുമായി മേരി വർഗീസ് ആദ്യം സൗഹൃദം സ്ഥാപിച്ചു. പിന്നീട് ഇയാളെ മേരി വർഗീസ് തന്റെ വീട്ടിലേക്കു വിളിച്ചു വരുത്തുകയും സവാദിന്റെ സഹായത്തോടെ ഒളിക്യാമറ വഴി പരാതിക്കാരന്റെ നഗ്ന ചിത്രങ്ങൾ പകർത്തുകയുമായിരുന്നു.
നാട്ടിലേക്ക് പോയ പരാതിക്കാരന്റെ ഫോണിലേക്ക് പ്രതികൾ നഗ്നചിത്രങ്ങൾ അയക്കുകയും ചിത്രങ്ങൾ പുറത്തുവിടാതിരിക്കാൻ 50 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. അത്രയും തുക നൽകാൻ ഇല്ലെന്ന് പറഞ്ഞ പരാതിക്കാരൻ വിവരം തന്റെ സുഹൃത്തിനെ അറിയിക്കുകയും സുഹൃത്തിന്റെ ഉപദേശപ്രകാരം പോലീസിൽ അറിയിക്കുകയുമായിരുന്നു. സംഭവം നടക്കുന്പോൾ സവാദും മേരി വർഗീസും മാത്രമാണ് വിദേശത്ത് ഉണ്ടായിരുന്നത്. മറ്റുള്ളവർ കണ്ണൂർ കേന്ദ്രീകരിച്ച് കൃത്യം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു.
എറണാകുളം എസിപി ലാൽജിക്കു കിട്ടിയ പരാതി സെൻട്രൽ പോലീസിനു കൈമാറി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താനായി പോലീസ് പരാതിക്കാരനെക്കൊണ്ട് പ്രതികളുടെ അക്കൗണ്ടിലേക്ക് പണം അയപ്പിച്ചു. ബാങ്ക് വിവരങ്ങൾ പരിശോധിച്ചതിൽ നിന്ന് കണ്ണൂർ തളിപ്പറന്പിലുള്ള എടിഎമ്മിൽ നിന്ന് പ്രതികൾ പണം പിൻവലിച്ചതായി കണ്ടെത്തി. ഇവിടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
പ്രതികൾ തളിപ്പറന്പ് നിന്നും ബാംഗ്ലൂരിലേക്ക് പോയതായി മനസിലാക്കിയ പോലീസ് ബാംഗലൂരുവിലേക്കു പുറപ്പെട്ടു. ഇതിനിടെ പ്രതികൾ മടിക്കേരിയിലെ ലോഡ്ജിൽ താമസിക്കുന്നുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതനുസരിച്ച് ഇവിടെ എത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിൽ നിരവധി മലയാളികൾ പ്രതികളുടെ വലയിൽ വീണതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കറുടെ നേതൃത്വത്തിൽ സെൻട്രൽ എസ്ഐ കിരണ് സി. നായർ, അസി. എസൈഎ എസ്.ടി. അരുൾ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഇ.എം. ഷാജി, അനീഷ്, ഒ.എം. ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.