മുക്കം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പുഴകളില്‍ വന്‍തോതില്‍ അടിഞ്ഞ് കൂടിയ മണല്‍ വാരാന്‍ അനുമതി നല്‍കണമെന്നാവശ്യം ചര്‍ച്ചയാവുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മണല്‍ പാസിനായി വിവിധ ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളില്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചവരുടെ കോടിക്കണക്കിനുരൂപ ഇനിയും തിരിച്ചുനല്‍കാതെ കെട്ടിക്കിടക്കുന്നു. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെഅക്കൗണ്ടിലാണ് ഈ തുക കെട്ടി കിടക്കുന്നത് . മണല്‍ വാരല്നിരോധനത്തെ തുടര്‍ന്നാണ് അപേക്ഷകര്‍ക്കു മണലും അടച്ച തുകയും ലഭിക്കാത്ത സ്ഥിതി ഉണ്ടായത്.
ജില്ലാ കളക്ടര്‍മാരുടെ ഇ-മണല്‍ അക്കൗണ്ടില്‍ നിന്നാണു മണല്‍ കടവുകളുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കു പണം കൈമാറുന്നത്. 2015 ഫെബ്രവരിയിലാണ് സംസ്ഥാനത്തു മണല്‍ വാരല്‍ നിരോധനം പ്രാബല്യത്തില്‍ വന്നത്. ആ സമയങ്ങളിലെല്ലാം മാസങ്ങള്‍ക്കുമുന്‍പ് തന്നെ മണലിനായി ഓണ്‍ലൈനില്‍ അപേക്ഷ നല്കേണ്ടിയിരുന്നു. ഇതോടെ നിരോധനത്തിന് മാസങ്ങള്‍ക്കു മുന്‍പ് അപേക്ഷിച്ച നിരവധി പേര്‍ക്ക് പണം തിരികെ ലഭിച്ചിട്ടില്ല.
ഇ-മണല്‍ അക്കൗണ്ടില്‍നിന്ന് റിവര്‍ മാനേജ്മെന്റ് ഫണ്ട്, റജിസ്ട്രേഷന് ഫീ എന്നിവ ഒഴിച്ചു ബാക്കി വരുന്ന തുകയാണ് തദ്ദേശ സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്കു മാറിയിരുന്നത്. അഞ്ച് ടണ്‍ മണലിന് 2800 രൂപ വരെയായിരുന്നുവാങ്ങിയിരുന്നത്. ഇതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2400 രൂപ വരെ ലഭിച്ചിരുന്നു . ഒന്നിലധികം കടവുകളുള്ള ഗ്രാമപഞ്ചായത്തുകളില്‍ ലക്ഷക്കണക്കിനു രൂപയാണ് ഈയിനത്തില്‍ ഓരോ മാസവും എത്തിയിരുന്നത്. നിര്‍മാണമേഖലയില്‍ പ്രവൃത്തിയെടുക്കുന്നവരും സര്‍ക്കാരിന്റെ ധനസഹായത്താല്‍ വീട് നിര്‍മിക്കാനായി ഒരുങ്ങിയവരുമെല്ലാം ഇത്തരത്തില്‍ പണം കിട്ടാതെ ദുരിതത്തിലായിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ മാത്രം വിവിധ പഞ്ചായത്തുകളില്‍ നാല്‍പ്പതിലേറെ അംഗീകൃത കടവുകളാണ് ഉണ്ടായിരുന്നത്. ജില്ലയിലെ കാരശേരി ഗ്രാമപഞ്ചായത്തിന്റെ അക്കൗണ്ടിലേക്ക് മാത്രം 2015 ഫെബ്രുവരി 11ന് ഒറ്റത്തവണയായി ഇ-മണല്‍ അക്കൗണ്ടില്‍ നിന്ന് 1,83,520 രൂപ കൈമാറിയതായി കളക്ടറേറ്റില്‍ നിന്നുള്ള രേഖകളില്‍ വ്യക്തമാവുന്നു. മണലെടുപ്പുനിരോധിച്ചെങ്കിലും ഇത്തരത്തില്കെട്ടിക്കിടക്കുന്ന പണം അപേക്ഷകര്ക്കുതിരിച്ചു നല്കാന് ഇതുവരെ നടപടിയുണ്ടായിട്ടില്ല.
ഈ പണം പഞ്ചായത്തുകള്‍ വകമാറ്റി ചെലവഴിച്ചിരിക്കാനും സാധ്യതയുണ്ട്. പണം തിരിച്ചു കിട്ടാനായി നേരത്തെ പലരും പഞ്ചായത്തോഫീസുകളിലും കളക്ടറേറ്റിലുമെല്ലാം കയറിയിറങ്ങിയിരുന്നങ്കിലും നിരാശയായിരുന്നു ഫലം. മലയോര പഞ്ചായത്തുകളിലും ഇത്തരത്തില്‍ നിരവധി പേരാണ് പണം ലഭിക്കാതെ ദുരിതത്തിലായത്.