തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയുടെ ഉത്തരക്കടലാസുകൾ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവത്തിൽ വകുപ്പുതല, പോലീസ് അന്വേഷണം തുടങ്ങി. സർവകലാശാല അധികൃതരുടെ പരാതിയെ തുടർന്നു കൊണ്ടോട്ടി പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിനൊപ്പം സർവകലാശാല വകുപ്പുതലത്തിൽ പ്രാഥമിക അന്വേഷണവും തുടങ്ങിയിരിക്കുകയാണ്.
വിശദമായ അന്വേഷണത്തിനു യൂണിവേഴ്സിറ്റി തലത്തിൽ ഇന്നു വൈസ്ചാൻസലർ സമിതിയെ നിയോഗിക്കും. ഉത്തരക്കടലാസുകൾ അലക്ഷ്യമായി കൈകാര്യം ചെയ്ത സംഭവത്തിലാണ് കൊണ്ടോട്ടി പോലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിനു ശേഷമേ ഉത്തരവാദികളെ പ്രതി ചേർക്കുകയൂള്ളൂവെന്നു കൊണ്ടോട്ടി എസ്ഐ വിനോദ് വലിയാട്ടൂർ പറഞ്ഞു.
പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജിലേക്കു മൂല്യനിർണയത്തിനു കൊടുത്ത അഫ്സലുൽ ഉലമ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കഴിഞ്ഞദിവസം രാത്രി കിഴിശേരിയിലെ ആക്രിക്കടയിൽ കാണപ്പെട്ടത്. ഇതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിലും യൂണിവേഴ്സിറ്റിയിലും വിവരമറിയിക്കുകയായിരുന്നു.
തുടർന്നു കൊണ്ടോട്ടി പോലീസെത്തി ഉത്തരക്കടലാസുകൾ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു മാറ്റി. പിന്നീട് പരീക്ഷാ കണ്ട്രോളർ ഡോ. പി. ശിവദാസൻ സ്റ്റേഷനിലെത്തി ഉത്തരക്കടലാസുകൾ പ്രാഥമിക പരിശോധന നടത്തി. പുനർമൂല്യനിർണയം കഴിഞ്ഞ ഉത്തരക്കടലാസുകളാണ് ഇവയെന്നാണ് പ്രാഥിക കണ്ടെത്തൽ.മൂല്യനിർണയത്തിനു സർവകലാശാല കൈമാറുന്ന ഉത്തരക്കടലാസുകളുടെ ഉത്തരവാദിത്വം ക്യാന്പ് ചെയർമാൻമാർക്കാണ്.
കിഴിശേരി സ്വദേശിയായ അധ്യാപകന്റെ ഉത്തരവാദിത്വത്തിലുള്ള പരീക്ഷാപേപ്പറുകളാണ് ആക്രിക്കടയിൽ നിന്നു കണ്ടെടുത്തത്. നടപടികൾ പൂർത്തിയാക്കിയ ശേഷം ഈ ഉത്തരക്കടലാസുകൾ കോടതിക്കു കൈമാറുമെന്നു എസ്ഐ അറിയിച്ചു. സംഭവത്തെക്കുറിച്ചു പരീക്ഷാ കണ്ട്രോളർ വിസിക്കു ഉടൻ റിപ്പോർട്ട് സമർപ്പിക്കും. കൃത്യവിലോപം തെളിഞ്ഞാൽ ഉത്തവാദിത്വപ്പെട്ട ക്യാന്പ് ചെയർമാനെ പരീക്ഷാ ജോലികളിൽ നിന്നു മാറ്റിനിർത്താനും സാധ്യതയുണ്ട്.
വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ വ്യക്തമാക്കി. പരീക്ഷ കാലാവധി കഴിഞ്ഞ ഉത്തരപേപ്പറായാലും യൂണിവേഴ്സിറ്റിയുടെ സമ്മതമില്ലാതെ വിൽപ്പന നടത്താൻ അധ്യാപകനു അധികാരമില്ലെന്നും ഇതു സംബന്ധിച്ച് വീഴ്ചപറ്റിയ അധ്യാപകനോടു വിശദീകരണം തേടുമെന്നും വിസി അറിയിച്ചു. ഇതിനിടെ ആരോപണ വിധേയനായ അധ്യാപകൻ ന്യായീകരണവുമായി രംഗത്തുവന്നു.
കഴിഞ്ഞ മാർച്ച് ആറിനും എട്ടിനും നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കണ്ടൈത്തിയവയിൽ കൂടുതലും. പരീക്ഷയെഴുതിയ വിദ്യാർഥികളുടെ രജിസ്റ്റർ നന്പർ വളരെ വ്യക്തമായി കാണാവുന്ന തരത്തിലാണ് ആക്രി കടയിൽ ഉത്തരക്കടലാസുകൾ കൂട്ടിയിട്ടിരിക്കുന്നതെന്നാണ് പോലീസ് കണ്ടെത്തൽ. ഗുഡ്സ് ഓട്ടോയിൽ നിറച്ചാണ് യൂണിവേഴ്സിറ്റിയുടെ സീൽ പതിച്ച ഉത്തരക്കടലാസുകൾ ചാക്കിൽ കെട്ടിയ നിലയിൽ ആക്രിക്കടയിൽ കണ്ടെത്തിയത്.
പരീക്ഷാമൂല്യനിർണയം നടക്കുന്ന കോളജുകളിൽ നിന്നു ഉത്തര പേപ്പറുകൾ സർവകലാശാല തിരിച്ചുകൊണ്ടു പോകണമെന്നാണ് നിയമം. പരീക്ഷ കഴിഞ്ഞു ഒരു വർഷം പോലും പൂർത്തിയാക്കുന്നതിനു മുന്പ് ഉത്തരക്കടലാസ് വിറ്റത് ഗുരുതര വീഴ്ചയായാണ് കണക്കാക്കുന്നത്. പരീക്ഷാ ഫലത്തിലെ അപാകത ചൂണ്ടിക്കാണിച്ച് വിദ്യാർഥികൾ കോടതിയെ സമീപിച്ചാൽ സർവകലാശാല ഉത്തരക്കടലാസുകൾ കോടതിയിൽ ഹാജരാക്കേണ്ടി വരും.
ഉത്തരക്കടലാസിന്റെ പൂർണ ഉത്തരവാദിത്വം പരീക്ഷാ കണ്ട്രോളർക്കായിരിക്കേ അധ്യാപകൻ ഇതു തൂക്കി വിറ്റത് ഗുരുതര കൃത്യവിലോപമായാണ് കരുതുന്നത്. സർവകലാശാല അറിയാതെ ഉത്തരക്കടലാസുകൾ കോളജിൽ നിന്നു എവിടേക്കും മാറ്റാൻ അനുവാദമില്ലെന്നിരിക്കെയാണ് നിയമ ലംഘനവും വിവാദവുമുണ്ടായിരിക്കുന്നത്. സംഭവം വിവാദമായതോടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം കഴിഞ്ഞുശേഷം സൂക്ഷിക്കേണ്ട ബാധ്യത ഏൽക്കാനാകില്ലെന്നാണ് പല ക്യാന്പ് ചെയർമാൻമാരുടെയും നിലപാട്.