കോഴിക്കോട്: സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവറും ബിജെപി പ്രവര്‍ത്തകനുമായ എലത്തൂര്‍ എസ്കെ ബസാറിലെ നാലൊന്നുകണ്ടി രാജേഷ് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി. ഇതുവരെ വധശ്രമത്തിനുള്ള വകുപ്പുകളായിരുന്നു ചുമത്തിയത്.
രാജേഷ് മരിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയതെന്ന് എലത്തൂര്‍ സിഐ അനിതകുമാരി ‘രാഷ്ട്രദീപിക’യോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ റിമാന്‍ഡിലാണ്. മൊഴി പ്രകാരം ഇനി ആറുപേരെ കൂടി പിടികൂടാനുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും സിഐ പറഞ്ഞു.
അതേസമയം തിരിച്ചറിഞ്ഞ രണ്ടുപേരുള്‍പ്പെടെ ആറുപേരും ഒളിവിലാണ്. സിപിഎം പ്രവര്‍ത്തകനായ എലത്തൂര്‍ കോട്ടേടത്ത് ബസാര്‍ എരുംതാഴത്ത് ഹൗസില്‍ മുരളി(50), സിഐടിയു എലത്തൂര്‍ ഓട്ടോസ്റ്റാന്‍ഡ് യൂണിയന് സെക്രട്ടറി ഖദ്ദാസി എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. സിപിഎം നേതാവും മുന്‍പഞ്ചായത്തംഗവുമായ നേരത്തെ അറസ്റ്റിലായ പൊറ്റക്കണ്ടത്തില് ശ്രീലേഷ്, സിപിഎം പ്രവര്ത്തകന് കളംകോളിതാഴം ഷൈജു എന്നിവരെ ആദ്യഘട്ടത്തില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഓട്ടോ ഡ്രൈവറായ രാജേഷ് കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്. രാജേഷിന്റെ ഭാര്യ രജിഷയുടെ പരാതിയില്‍ പത്തോളം പേര്‍ക്കെതിരേയാണ് എലത്തൂര്‍ പോലീസ് കേസെടുത്തത്. സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് പ്രദേശവാസികളും ബിജെപി പ്രവര്‍ത്തകരും പോലീസിനെതിരെ രംഗത്ത് വന്നിരുന്നു. മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പോലീസ് കോടതിയില്‍ ഹാജരാക്കിയില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന് ആരോപിച്ചു.
രാജേഷിന്റെ മൃതദേഹം വഹിച്ച ആംബുലന്‍സുമായി ബിജെപി പ്രവര്‍ത്തകര്‍ എലത്തൂര്പോലീസ് സ്റ്റേഷനിലേക്ക് ഇന്നലെ മാര്‍ച്ച് നടത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. എലത്തൂര്‍ കൊട്ടേടത്ത് ബസാറിലെ പഞ്ചിംഗ് സ്റ്റേഷന് സമീപത്ത് വച്ചാണ് രാജേഷിനെ ഒരു സംഘം സിപിഎമ്മുകാര്‍ ആക്രമിച്ചത്. രാജേഷ് എലത്തൂരില്‍ ഓട്ടോ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോ തൊഴിലാളികള്‍ വിലക്കിയിരുന്നതായാണ് പറയുന്നത്. ഇതിനെചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. മര്‍ദനം സഹിക്കാതെ രാജേഷ് അക്രമികളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് പെട്രോളെടുത്ത് ശരീരത്തിലൊഴിച്ച് തീകൊളുത്തി. ഗുരുതരമായി തീപ്പൊള്ളലേറ്റ രാജേഷിനെ ആദ്യം കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍കോളജിലേക്കും മാറ്റി. മര്‍ദിച്ചവരുടെ വിവരവും മറ്റും രാജേഷ് മജിസ്ട്രേറ്റിന് നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന് ആരോപിച്ചു. ദുര്‍ബല വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയാണ് പോലീസ് . ഇത് അനുവദിക്കില്ല. പോലീസ് പ്രതികളെ പിടികൂടിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.