പറവൂർ: ഓണത്തിന് പറവൂർ സഹകരണ ബാങ്ക് അംഗങ്ങൾക്കായി അരി വാങ്ങിയതിൽ വൻ അഴിമതിയെന്ന് ആരോപണം. ഇടതുമുന്നണി ഭരിക്കുന്ന ബാങ്കിലുണ്ടായ ലക്ഷങ്ങളുടെ തിരിമറി സിപിഎം, സിപിഐ അംഗങ്ങൾതന്നെയാണ് പുറത്തറിയിച്ചത്. ഇത് ഇരുകക്ഷികളിലും ചർച്ചയാകുകയും പരിഹാരമുണ്ടാക്കുന്നതിന് ബാങ്ക് പ്രസിഡന്റ് അടക്കമുള്ളവർ ഓട്ടത്തിലാണിപ്പോൾ.
ഓണത്തോടനുബന്ധിച്ച് സൗജന്യമായി അരി നൽകുന്നത് ബാങ്ക് യോഗത്തിൽ ചർച്ചയുണ്ടായപ്പോൾ കിലോഗ്രാമിന് 33.75 രൂപയക്ക് എത്തിക്കാമെന്ന് സിപിഎം അംഗം സി.പി. ജിബു അറിയിച്ചു. പക്ഷേ മുൻബാങ്ക് പ്രസിഡന്റ് കൂടിയായ ടി.വി. നിഥിൻ 33.50 രൂപയ്ക്ക് നൽകാമെന്ന് പറഞ്ഞു. ഇതനുസരിച്ച് ആലുവായിലെ ഒരു അരിക്കടയിൽനിന്ന് പാക്കറ്റ് അരി 35,000 കിലോ വാങ്ങി. അരിയുടെ ബിൽ ബാങ്കിന് നൽകി കടയുടമ പണം കൈപ്പറ്റിയപ്പോൾ പറഞ്ഞ് ഉറപ്പിച്ചതിനേക്കാൾ കിലോയ്ക്ക് നാല് രൂപ കൂട്ടി 37.50 രൂപയാണ് ബില്ലിൽ കാണിച്ചത്.
ബില്ല് മാറിയതിന് ശേഷമാണ് ഭരണസമിതിയിൽ ഉള്ളവർ തന്നെ ഇത് അറിയുന്നത്. അധികം തുക കൈപ്പറ്റിയത് ഒരു ഭരണസമിതിയംഗത്തിന് വേണ്ടിയായിരുന്നുവെന്ന് കടയുടമ അറിയിച്ചതോടെ പ്രശ്നങ്ങൾ മറനീക്കി പുറത്തു വന്നു. സിപിഐ അംഗമായ സുനിൽ സുകുമാരൻ സിപിഐയുടെ താലൂക്ക് നേതാക്കളെ ഇക്കാര്യമറിയിച്ചു.
അവർ ബാങ്കിൽ പ്രശ്നം ഉന്നയിക്കാനും നിർദേശം നല്കി. കഴിഞ്ഞദിവസം സിപിഎം ഏരിയാകമ്മിറ്റിയിൽ അരിപ്രശ്നം വി.എസ്. ഷഡാനന്ദൻ ഉന്നയിച്ചു. ബാങ്ക് പ്രസിഡന്റായ കെ.എ. വിദ്യാനന്ദനെയും മുൻ പ്രസിഡന്റ് ടി.വി. നിഥിനെയും മറ്റ് അംഗങ്ങൾ ചോദ്യം ചെയ്തു. ഇരുവരേയും താക്കീത് ചെയ്തതായും പറയപ്പെടുന്നു.
ക്വട്ടേഷൻ വിളിക്കാതെയാണ് അരി ഇടപാട് നടത്തിയത്. ബാങ്കിലെ പർച്ചേസ് കമ്മിറ്റിയിൽ പ്രസിഡന്റ് വിദ്യാനന്ദനും മുൻ പ്രസിഡന്റുമാരായ നിഥിനും ഇ.പി. ശശിധരനും അംഗങ്ങളാണ്. ഇവർ രണ്ടുപേരും ഞങ്ങളൊന്നും ഇക്കാര്യമറിഞ്ഞില്ലെന്ന മട്ടിലുമാണ് നീക്കങ്ങൾ കൊണ്ടുപോകുന്നത്.
വിതരണം കഴിഞ്ഞ് ബാക്കിയുണ്ടായിരുന്ന 350ഓളം പാക്കറ്റ് അരി ഭരണക്കാർ വീതിച്ചെടുക്കാൻ തീരുമാനിച്ചെങ്കിലും സെക്രട്ടറി ഇത് തടഞ്ഞു. മുൻ ഭരണസമിതിക്കാർക്കെതിരെ സിപിഎം അംഗങ്ങൾ ജില്ലാകമ്മിറ്റിക്ക് രേഖാമൂലം പരാതികൊടുത്തിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. പുതിയസമിതി ഭരണത്തിലെത്തിയിട്ട് രണ്ട് മാസമായിട്ടില്ല. അന്വേഷണം നടത്തണമെന്നാണ് സിപിഐയുടെ ആവശ്യം. യുഡിഎഫ് സമരത്തിന് തയാറെടുക്കുന്നുമുണ്ട്.