തിരുവനന്തപുരം: കേരളത്തിലുടനീളം ഇരുന്നുറോളം അന്പലം, വീട് മോഷണക്കേസുകളുള്ള കുപ്രസിദ്ധ മോഷ്ടാവ് മലയിൻകീഴ് മലയം സ്വദേശി സുനിൽ ഗുപ്ത (39) തിരുവനന്തപുരം സിറ്റി ഷാഡോ പോലിസിന്റെ പിടിയിലായി. തന്പാനൂർ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
തന്പാനുർ വലിയശാല കാവിൽ ഭഗവതി ക്ഷേത്രത്തിലെ കാണിയ്ക്കവഞ്ചി തകർത്ത് പണം മോഷ്ടിച്ച കേസ്, പാപ്പനംകോട് മലമേൽ കുന്ന് സിഎസ്ഐ പള്ളിയ്ക്ക് സമീപത്തുള്ള വീടിന്റെ മുൻവാതിൽ തകർത്ത് അഞ്ച് പവനോളം സ്വർണം കവർന്ന കേസ്, നിറമണ്‍കര ശ്രീഭദ്രകാളി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച കേസ്, കോഴിക്കോട് വെസ്റ്റ്ഹിൽ ദേശാഭിമാനി പത്രത്തിലെ ആർട്ടിസ്റ്റിന്റെ വീട്ടിൽ കയറി സ്വർണം മോഷ്ടിച്ച കേസ്, കോഴിക്കോട് എരണിക്കരയിലെ വീടിന്റെ പൂട്ട് തകർത്ത് എട്ട് പവനോളം സ്വർണം കവർന്ന കേസ് , കർണാടകയിലെ മജസ്റ്റിക്കിന് സമീപം രണ്ട് വീടുകളിൽ മോഷണം നടത്തിയതുൾപ്പെടെ നിരവധി മോഷണ കേസുകൾ നടത്തിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ ഇരുപതിലധികം വർഷമായി മോഷണം നടത്തി വരുന്ന സുനിൽ ഗുപ്ത, കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും മോഷണങ്ങൾ നടത്തിയിട്ടുണ്ട്. രാത്രിയെന്നൊ പകലെന്നോ വ്യത്യാസമില്ലാതെ റോഡിലൂടെ നടന്ന് ആളില്ലാത്ത വീടുകളും ഒറ്റപ്പെട്ട അന്പലങ്ങളും കണ്ടെത്തി, സമീപത്ത് നിന്ന് ലഭിക്കുന്ന കന്പിപ്പാര, പിക്കാസ്, മണ്‍വെട്ടി എന്നിവ ഉപയോഗിച്ചാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.
മുപ്പതോളം മോഷണങ്ങൾ നടത്തിയതിന് സുനിൽ ഗുപ്തയെ സിറ്റി ഷാഡോ പോലീസ് 2014 ൽ പിടികൂടിയിരുന്നു. ആ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ഇയാൾ വീണ്ടും നിരവധി മോഷണങ്ങൾ നടത്തിയതിനാണ് ഇപ്പോൾ പിടിയിലായത്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ എം. ആർ. അജിത്തിന്റെ നിർദേശപ്രകാരം ഡിസിപിമാരായ ആർ. ആദിത്യ മുഹമ്മദ് ആരിഫ്, ജില്ലാ ക്രൈംബ്രാഞ്ച് ഏസി സന്തോഷ്, ഫോർട്ട് ഏസി പ്രതാപൻ നായർ, തന്പാനൂർ സിഐ അജയ് കുമാർ, എസ്ഐ ജിജുകുമാർ, നേമം എസ്ഐ സുധീഷ്, ഷാഡോ ടീമാംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.