ചെറായി: വൈപ്പിനിൽ സ്വകാര്യ ബസുകൾ സമയക്രമം പാലിക്കാതെ ഓടുകയും ഇതിന്റെ പേരിൽ ജീവനക്കാർ തമ്മിൽ നടുറോഡിൽ പരസ്പരം തർക്കിച്ചു ഗതാഗത തടസമുണ്ടാക്കുന്നതും യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പലപ്പോഴും ഒരു മിനിറ്റിന്റെ ഗ്യാപ്പിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് റോഡിൽ പ്രശ്നങ്ങളുണ്ടാക്കുന്നത്.
മത്സരിച്ചോടുന്ന ബസുകൾ പല സ്റ്റോപ്പുകളിലും നിർത്താതെ പരസ്പരം വട്ടംവെച്ചും ഇതിനിടയിൽ ജീവനക്കാർ തമ്മിൽ തെറിയഭിഷേകം നടത്തിയുമാണ് സർവീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം ചെറായി സ്റ്റാർ സ്റ്റോപ്പിൽ ഇതുപോലെ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ സമയത്തിന്റെ പേരുപറഞ്ഞ് പരസ്പരം നടുറോഡിൽ കലഹിച്ചത് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു.
ഇങ്ങിനെയുള്ള വിഷയങ്ങളിൽ പോലീസ് നടപടികൾ ഇല്ലാത്തതുമൂലമാണ് ഈ പ്രവണത വർധിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ബസുകാർ തമ്മിലുള്ള തർക്കം പലപ്പോഴും അടിപിടിയിലും അവസാനിക്കാറുണ്ട്.