ന്യൂഡൽഹി: മരട് ഫ്ളാറ്റ് കേസിൽ ചീഫ് സെക്രട്ടറി ടോം ജോസിനു സുപ്രീം കോടതിയുടെ ശാസന. കേസിൽ സംസ്ഥാന സർക്കാർ കുറ്റകരമായ അനാസ്ഥയാണു കാട്ടുന്നതെന്നും ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഉത്തരവാദി ചീഫ് സെക്രട്ടറി ആയിരിക്കുമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര പറഞ്ഞു. കേസ് വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
കേസ് പരിഗണിച്ച ഉടനെ തന്നെ കോടതി ചീഫ് സെക്രട്ടറിയെ അന്വേഷിച്ചു. ചീഫ് സെക്രട്ടറി മുന്നോട്ട് വന്നപ്പോൾ ഫ്ളാറ്റ് എന്നു പൊളിക്കുമെന്നായിരുന്നു ആദ്യ ചോദ്യം. എത്രപേർ പ്രകൃതി ദുരന്തങ്ങളിൽ മരിക്കുന്നു എന്നറിയാമോ എന്നും ചീഫ് സെക്രട്ടറിയോടു ജസ്റ്റീസ് അരുണ്‍ മിശ്ര ചോദിച്ചു. ദുരന്തമുണ്ടായാൽ ആദ്യം മരിക്കുക നാലു ഫ്ളാറ്റുകളിലെ 300 കുടുംബങ്ങളാവും. ശക്തമായ വേലിയേറ്റമുണ്ടായാൽ ഒന്നും അവശേഷിക്കില്ലെന്നും കോടതി പറഞ്ഞു.
ഉത്തരവ് നടപ്പാക്കാൻ എത്ര സമയം വേണമെന്നു കോടതി ചോദിച്ചപ്പോൾ മൂന്നു മാസം വേണമെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി. ഇത് അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. വിമർശനങ്ങൾക്കിടെ സർക്കാരിനു വേണ്ടി ഹാജരായ ഹരീഷ് സാൽവേ ഇടപെടുകയും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനു സമയം ആവശ്യമാണെന്നു കോടതിയെ ബോധിപ്പിക്കുകയും ചെയ്തു. തുടർന്ന് വെള്ളിയാഴ്ച റിപ്പോർട്ട് നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു.
കേരളത്തിലെ മുഴുവൻ തീരദേശ ലംഘനം പരിശോധിക്കേണ്ടി വരുമെന്നും കേസിൽ വിശദമായ ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കുമെന്നും കോടതി പറഞ്ഞു.