ആമ്പല്ലൂർ: മുളന്തുരുത്തി അഗ്നിരക്ഷാ ഉദ്യോഗസ്ഥർക്ക് കർത്തവ്യ നിർവഹണത്തിൽ വെല്ലുവിളിയായി അടിക്കടി ബ്രേക്ക്ഡൗൺ ആകുന്ന ഫയർ എൻജിൻ. മുളന്തുരുത്തി ഫയർ സ്റ്റേഷനിലെ ഏക വാഹനമാണ് ഈ ഫയർ എൻജിൻ. മുളന്തുരുത്തി, ചോറ്റാനിക്കര, ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, മണീട്, തിരുവാണിയൂർ എന്നീ ആറ് പഞ്ചായത്തുകളാണ് സ്റ്റേഷൻ പരിധിയിൽ വരുന്നത്.
ഈ പഞ്ചായത്ത് പരിധിയിൽ എന്ത് അത്യാഹിതം സംഭവിച്ചാലും നാട്ടുകാർ ഫയർ സ്റ്റേഷനിൽ ബന്ധപ്പെടുകയും ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിച്ചേർന്നു കർത്തവ്യനിരതരാകുകയും ചെയ്യുന്നത് ജനങ്ങളിൽ ഫയർ ഫോഴ്സിനെ കുറിച്ചുള്ള മതിപ്പ് വർധിപ്പിക്കുന്നു. ഇതിനിടയിൽ ഫയർ എൻജിൻ പണിമുടക്കുന്നത് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുന്നതിനൊപ്പം ഉദ്യോഗസ്ഥർക്കും അത്യാഹിതത്തിന് സാക്ഷിയാകുന്ന നാട്ടുകാർക്കും മാനസിക പിരിമുറുക്കത്തിനും ഇടവരുത്തുന്നു.
കഴിഞ്ഞ ദിവസം എടയ്ക്കാട്ടുവയലിൽ കിണറ്റിൽ വീണയാളെ രക്ഷിക്കുന്നതിനായി പോകുന്നതിന് വണ്ടി ഗാരേജിൽ നിന്നിറക്കിയപ്പോൾ ബാറ്ററിലെ ടെർമിനൽ ഷോർട്ടായി തകരാറിലായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തേണ്ട അഗ്നിരക്ഷാ സേനയ്ക്ക് ഇരുട്ടടിയായിരിക്കുകയാണ് പഴക്കം ചെന്ന ഈ വാഹനം.
നാല് വർഷമായി പ്രവർത്തിക്കുന്ന സ്റ്റേഷനിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്നും പരാതിയാണ്.
മുളന്തുരുത്തി ഫയർ സ്റ്റേഷനിലെ ഫയർ എൻജിൻ 17 വർഷം പഴക്കമുള്ളതാണ്. സർക്കാർ ഏതാനും ഫയർ സ്റ്റേഷനുകൾക്ക് പുതിയ ഫയർ എൻജിനുകൾ അനുവദിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ മുളന്തുരുത്തി ഫയർ സ്റ്റേഷനെ കൂടി ഉൾപ്പെടുത്തണമെന്നാണ് ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും ആവശ്യം.