മുക്കം: പ്രവാസികാര്യ വകുപ്പിന്റെ സേവനങ്ങൾ ജനങ്ങളിലെത്തിക്കുന്ന നോർക്ക റൂട്ട്സിനെ പ്രതിരോധത്തിലാക്കി പിടിമുറുക്കിയിരിക്കുകയാണ് സ്വകാര്യ ഏജൻസികൾ. ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും വ്യാജ ഏജൻസികളുടെ തട്ടിപ്പിന്റെ പ്രത്യാഘാതങ്ങളും സർക്കാരോ പൊതുജനങ്ങളോ പ്രവാസി സംഘടനകളോ തിരിച്ചറിയുന്നില്ല.
കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് കോഴിക്കോട് മേഖലാ ഓഫീസ് നാളെ ലിങ്ക് റോഡിലേക്ക് മാറുകയാണ്. സ്വകാര്യ ഏജൻസികളുടെ വലയത്തിൽ നിന്നു രക്ഷതേടി കൂടിയുള്ളതാണ് ഈ മാറ്റമെന്നറിയുന്നു. എന്നാൽ ഈ സ്ഥലം മാറ്റം നേരത്തേ മനസ്സിലാക്കി, നോർക്ക റുട്ട്സ് എത്തും മുമ്പേ സ്വകാര്യ ഏജൻസികൾ പ്രസ്തുത കെട്ടിടത്തിലും പരിസരങ്ങളിലുമായി സ്ഥാനം പിടിച്ചുകഴിഞ്ഞു.
നോർക്ക റൂട്ട്സിന്റെ പ്രധാന സേവനമായ സർട്ടിഫിക്കറ്റ് അറ്റസ് സ്റ്റേഷനാണ് സ്വകാര്യ ഏജൻസികളും കച്ചവടമാക്കുന്നത്. നോർക്കാ റൂട്ട്സ് ഓഫീസിലേക്കുള്ള നടവഴികളിലെല്ലാം തെരുവു കച്ചവടക്കാരെപ്പോലെ, അറ്റസ്സ്റ്റേഷനു വരുന്നവരെ മാടിവിളിക്കുകയും പിടിച്ചുവയ്ക്കുകയും ചെയ്യുന്ന കാഴ്ചയാണ് കോഴിക്കോട് നിലവിലുള്ളത് .
ഒരേ കെട്ടിടത്തിൽ തന്നെ ആയതിനാൽ സ്വകാര്യ ഏജൻസിയുടെ പക്കൽ അറ്റസ്റ്റേഷന് ഏൽപ്പിച്ചു പോകുന്ന അവസ്ഥയുണ്ട്. ഇതു മൂലം വൻ സാമ്പത്തിക നഷ്ടമാണ് വരുന്നതെന്ന് പലരും തിരിച്ചറിയുന്നില്ല. എച്ച്ആർഡി അറ്റസ്റ്റേഷൻ നോർക്കാ റൂട്ട്സ് മുഖേന മാത്രമേ സാധ്യമാവുകയുള്ളൂവെങ്കിലും എംബസി അറ്റസ്റ്റേഷൻ, ഏജൻസി മുഖേനയും നടത്താവുന്ന സംവിധാനമാണ് നിലവിലുള്ളത്.
ഇതും പ്രവാസികാര്യ വകുപ്പിന്റെ കീഴിലുള്ള നോർക്കാ റുട്ട്സ് മുഖേന മാത്രമാക്കുമ്പോഴേ സാമ്പത്തിക നഷ്ടത്തിൽ നിന്നും വ്യാജ സ്വകാര്യ ഏജൻസികളുടെ തട്ടിപ്പിൽ നിന്നും രക്ഷപ്പെടാനാകൂ.