കൂരാച്ചുണ്ട്: ഉരുൾപ്പൊട്ടലിൽ കക്കയം ഡാംസൈറ്റ് റോഡ് തകർന്ന് ഒന്നരമാസക്കാലം അടിച്ചിട്ട കെഎസ്ഇബിയുടെ ഹൈഡൽ ടൂറിസകേന്ദ്രം ഇന്നലെ തുറന്നു പ്രവർത്തനമാരംഭിച്ചു. ഡാം റോഡിൽ താൽക്കാലികമായി ഗതാഗതം പുന:സ്ഥാപിച്ചുവെങ്കിലും റോഡിന്റെ ദുരവസ്ഥ ഇപ്പോഴും നിലനിൽക്കുകയാണ്. ഈ അവസ്ഥയിലും നിരവധിപ്പേരാണ് ഇവിടം സന്ദർശിച്ച് ബോട്ടിംഗ് നടത്തുകയും, മറ്റ് വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്തത്.
റോഡിലെ കക്കയംവാലി മുതൽ എട്ടുകിലോമീറ്ററിനുള്ളിൽ വിവിധ സ്ഥലങ്ങളിൽ റോഡ് പാടെ ഇല്ലാതെയായിട്ടുണ്ട്.ഇവിടെ മണ്ണ് നിറച്ചാണ് ചെറുവാഹനങ്ങൾ കടന്നുപോകുന്നത്. എന്നാൽ ഇന്നലെ വിവിധ പ്രദേശങ്ങളിൽനിന്നും വലിയ വാഹനങ്ങളിലെത്തിയ നിരവധി സന്ദർശകർ വാഹനം ഇതുവഴി കടന്നുപോകാൻ സാധിക്കാത്തതിനാൽ കിലോമീറ്ററുകളോളം കാൽനടയാത്ര ചെയ്താണ് ടൂറിസം കേന്ദ്രത്തിൽ എത്തിച്ചേർന്നത്.
വനം വകുപ്പിന്റെ ഉരക്കുഴി ഇക്കോ ടൂറിസകേന്ദ്രം ഇന്നലെ തുറന്നില്ല. വനസംരക്ഷണ സമിതിയുടെ ഗൈഡുകളെ കരാർ അടിസ്ഥാനത്തിൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ പതിവായി എത്തിക്കുന്ന വാഹനങ്ങൾ ഓടാതെയിരുന്നതാണ് കാരണം. റോഡിന്റെ ദുരവസ്ഥയെ തുടർന്ന് ചാർജ്ജ് വർദ്ധിപ്പിക്കണമെന്ന് വാഹന ഉടമകൾ ആവശ്യപ്പെട്ടിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി തീരുമാനമാകുന്നതോടെ തുറക്കുമെന്നാണറിയുന്നത്.