റോം: കാഴ്ചയില്ലാത്ത മകനു ഫുട്ബോൾ വിവരിച്ച് നൽകിയ ബ്രസീലുകാരി സിൽവിയ ഗ്രീക്കോയ്ക്ക് ഫിഫയുടെ ഫാൻ പുരസ്കാരം. കാഴ്ചയില്ലാത്ത, ഓട്ടിസം ബാധിച്ച മകൻ നിക്കോളാസിന് കളി ആവേശം അല്പം പോലും ചോരാതെ വിവരിച്ച് നൽകുന്ന സിൽവിയയുടെ ചിത്രം വൈറലായിരുന്നു. ആരാധകരുടെ മനംകവർന്ന ഈ അമ്മയേയും മകനെയും ഫിഫ പുരസ്കാരം നൽകി ആദരിക്കുകയായിരുന്നു.
ജന്മനാ കാഴ്ചയില്ലാത്ത നിക്കോളാസിന്റെ ഇഷ്ടടീമായ പാൽമെയ്റാസ് ഗ്രൗണ്ടിലിറങ്ങുന്പോഴെല്ലാം ആ അമ്മ അവനെയും കൂട്ടി സ്റ്റേഡിയത്തിൽവരും. നിക്കോളാസിന് അകക്കണ്ണായി മാറിയ ഗ്രീക്കോ കളിയുടെ ഓരോ നിമിഷവും ചെറിയ കാര്യങ്ങൾപോലും വിട്ടുപോകാതെ അവനെ ധരിപ്പിക്കും. അമ്മയുടെ വാക്കുകളിലൂടെ കളിയറിയുന്ന നിക്കോളാസ് ഗോൾ ആരവത്തിൽ പങ്കുചേരുകയും ആർപ്പുവിളിക്കുകയുമെല്ലാം ചെയ്യും.
ഈ അമ്മയേയും മകനെയും ഒരുദിവസം യാദൃച്ഛികമായി ടെലിവിഷൻ കാമറകൾ ഒപ്പിയെടുത്തതോടെയാണ് ഇരുവരുടെയും കഥ ലോകമറിഞ്ഞത്. പാൽമെയ്റാസ് ക്ലബിനും ഇപ്പോൾ ഗ്രീക്കോയേയും നിക്കൊളാസിനെയും അറിയാം. ഇഷ്ടതാരമായ നെയ്മറിനെ പരിചയപ്പെടാനുള്ള അവസരവും അവർക്കു കിട്ടിയിട്ടുണ്ട്.