കൊച്ചി: കൊച്ചിന് കോര്‍പറേഷനു കീഴിലുള്ള പള്ളുരുത്തി അഗതിമന്ദിരത്തില്‍ അന്തേവാസിയായ യുവതിയെയും അമ്മയെയും മര്‍ദിച്ച സംഭവത്തില്‍ അഗതിമന്ദിരം സൂപ്രണ്ട് അന്‍വര്‍ ഹുസൈനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചേര്‍ത്തല സ്വദേശിനി രാധാമണി (38), ഇവരുടെ അമ്മ കാര്‍ത്യായനി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ഇവരെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് പോലീസിനോട് നിര്‍ദേശിക്കുകയായിരുന്നു. അന്‍വര്‍ ഹുസൈനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഒരുവര്‍ഷം മുന്‍പാണ് രാധാമണിയെ അഗതി മന്ദിരത്തില്‍ എത്തിക്കുന്നത്. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ നടത്തുന്ന യുവതിയെ കാണാന്‍ തിങ്കളാഴ്ച രാവിലെ ഇവരുടെ മാതാവ് അഗതിമന്ദിരത്തില്‍ എത്തിയിരുന്നു.
യുവതിയെ ഇവിടെ പ്രവേശിപ്പിക്കുമ്പോള്‍ 2,25,000 രൂപ ബാങ്കില്‍ നിക്ഷേപിച്ച പാസ് ബുക്കും എടിഎം കാര്‍ഡും സ്വര്‍ണാഭരണങ്ങളും അഗതി മന്ദിരം ഓഫീസില്‍ ഏല്‍പ്പിച്ചിരുന്നു. നിക്ഷേപിച്ച പണത്തില്‍ കുറവു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കുന്നതിനാണു കാര്‍ത്യായനി അഗതിമന്ദിരത്തില്‍ എത്തിയത്.
ഓഫീസില്‍ എത്തി വിവരം അന്വേഷിക്കുന്നതിനിടെ പ്രകോപിതനായ സൂപ്രണ്ട് ഇരുവരെയും മര്‍ദിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ സൂപ്രണ്ട് ഓഫീസില്‍നിന്നു മുങ്ങിയെങ്കിലും ഇന്നലെ രാത്രിയോടെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ കോര്‍പറേഷന്റെ അനുമതിയില്ലാതെ സൂപ്രണ്ടിന്റെ തിരുവനന്തപുരത്തുള്ള വീട്ടില്‍ രണ്ടു മാസത്തോളം രാധാമണിയെ വീട്ടുജോലിയെടുപ്പിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. ജോലി ചെയ്ത പണം ആവശ്യപ്പെട്ടപ്പോള്‍ യുവതിയെ വീട്ടില്‍വച്ച് നിരവധി തവണ മര്‍ദിച്ചതായും പറയുന്നു. തുടര്‍ന്നു കഴിഞ്ഞ ദിവസം രാധാമണി കോര്പറേഷന് സെക്രട്ടറിക്കും മേയര്‍ക്കും പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ല.